ചെന്നൈ: നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം. കക്ഷി രാഷ്ട്രീയത്തിലേക്ക് താൻ പ്രവേശിക്കില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി സൂര്യ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി.
ആരാധക സംഘടനയുടെ യോഗത്തിൽ ഒരു ഭാരവാഹി നടത്തിയ പരാമർശം വലിയ ചർച്ചയായതിനെ തുടർന്നാണ് സൂര്യയുടെ വിശദീകരണം. “കാലവും സമയവും ആയാൽ സൂര്യയെ തടയാനാകില്ലെന്നും സാഹചര്യം അനുകൂലമാകുമ്പോൾ സൂര്യ നേതൃത്വം നൽകുമെന്നും” ആയിരുന്നു ഭാരവാഹിയുടെ പ്രസംഗം. തുടർന്ന് ഇത് സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ആരാധക കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.
എന്നാൽ അഖിലേന്ത്യ സൂര്യ തലൈമൈ നർപണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ ഔദ്യോഗിക ആലോചനാ യോഗത്തിൽ ഉയർന്ന ചില പരാമർശങ്ങൾ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചു.
യോഗത്തിൽ സംസാരിച്ച ജില്ലാ ഭാരവാഹി, “കാലവും ദൈവവും എല്ലാം തീരുമാനിച്ചുകഴിഞ്ഞുവെന്നും സൂര്യ ഒരു ജനനായകനായി മാറുന്നത് തടയാൻ ഇനി ആർക്കും കഴിയില്ലെന്നും” അഭിപ്രായപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത മറ്റ് ഭാരവാഹികളും ഈ പ്രസ്താവനയെ പിന്തുണച്ചിരുന്നു.
ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, നടൻ വിജയിന് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായി.
ഇതോടെയാണ് സൂര്യ നേരിട്ട് രംഗത്തെത്തി അഭ്യൂഹങ്ങൾ തള്ളിയത്. താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നും, പൊതുസേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും തുടരുമെന്നും താരം വ്യക്തമാക്കി.

