രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നൗഷേര മേഖലയിലെ കലാൽ ഏരിയയിൽ പട്രോളിങ്ങിനിടെ അബദ്ധത്തിൽ കുഴിബോംബ് പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കുമാഓൺ റെജിമെന്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിർവഹിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് സൈനികരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മൂന്ന് ജവാന്മാരെയും ഒരു ഉദ്യോഗസ്ഥനെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
കുഴിബോംബ് സ്‌ഫോടനത്തിന് പിന്നിലെ സാഹചര്യം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിക്കും. നുഴഞ്ഞുകയറ്റങ്ങൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതിർത്തി മേഖലകളിൽ സ്ഥാപിക്കുന്ന കുഴിബോംബുകൾ ചിലപ്പോൾ മഴയിൽ ഒഴുകിപ്പോകുകയും ഇത്തരം അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ആഴ്ച കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ ഉണ്ടായ അപ്രതീക്ഷിത സ്‌ഫോടനത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. കമാൽക്കോട്ടിലേക്ക് സൈനിക ഉപകരണങ്ങൾ കൈമാറുന്നതിനിടെയായിരുന്നു സ്‌ഫോടനം. മഹാരാഷ്ട്ര സ്വദേശികളായ വിക്രം ബാലകൃഷ്ണയും അർജുൻ ജാദവ് രവീന്ദ്രയും അന്ന് വീരമൃത്യു വരിച്ചിരുന്നു.

