പാലക്കാട്: പാലക്കാട് ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ജിജോ മോഹൻ. കഴിഞ്ഞ ദിവസം കരിമ്പുഴയിൽ 62 കാരിയും, ജൂൺ 13-ന് പട്ടാമ്പി സ്വദേശിനിയായ 73 കാരിയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.
കഴിഞ്ഞ മാസം ജില്ലയിൽ ഡെങ്കിപ്പനി മൂലം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം മാത്രം ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 543 പേരാണ് ചികിത്സ തേടിയത്.
മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

