പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് നിര്‍മിക്കുന്ന പുതിയ ബ്രാന്‍ഡിയായ ‘മിന്നല്‍ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ സര്‍ക്കാര്‍ ഡിസ്റ്റിലറിയിലാണ് പുതിയ മദ്യം നിര്‍മിക്കുന്നത്.
ആദ്യഘട്ടത്തില്‍ പ്രതിദിനം 9,000 കേസുകള്‍ ബെവ്കോ ഔട്ട്ലെറ്റുകളിലെത്തിക്കും. പിന്നീട് ഉല്പാദനം 13,000 കേസായി ഉയര്‍ത്താനാണ് തീരുമാനം. അരലിറ്റര്‍ കുപ്പികളായിരിക്കും ആദ്യം വിപണിയിലെത്തുക. ഒരു കുപ്പിയുടെ വില 400 രൂപയായിരിക്കും.
പുതിയ ബ്രാന്‍ഡിന് ആദ്യം ‘മലബാര്‍ മിസ്റ്ററി’ എന്ന പേരാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പേരുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ‘മിന്നല്‍ മാജിക്’ എന്ന പേര് അന്തിമമാക്കിയത്. പേര് നിര്‍ദേശിക്കാനായി നടത്തിയ മത്സരത്തില്‍ നിന്നാണ് ‘മലബാര്‍ മിസ്റ്ററി’ എന്ന പേര് ലഭിച്ചത്.
പ്രതിദിനം 18 കുപ്പികള്‍ വീതമുള്ള 13,500 കേസുകള്‍ വരെ നിര്‍മിക്കാനാണ് കമ്പനിയുടെ പദ്ധതി. മലമ്പുഴയിലെ ശുദ്ധജല പ്ലാന്റില്‍ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചായിരിക്കും ഉല്പാദനം. മദ്യ നിര്‍മാണത്തിനാവശ്യമായ സ്പിരിറ്റ് രാജസ്ഥാനില്‍ നിന്നാണ് എത്തിക്കുക.
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയതും സ്വകാര്യ മദ്യനിര്‍മാണ യൂണിറ്റുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡി വിപണിയിലെത്തുന്നത്.

