Home Keralaകൊട്ടാരക്കര ടിപ്പർ ദുരന്തം: പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർ മരിച്ചു; അഞ്ച് പേർ ചികിത്സയിൽ, ഒരാളുടെ നില ഗുരുതരം

കൊട്ടാരക്കര ടിപ്പർ ദുരന്തം: പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർ മരിച്ചു; അഞ്ച് പേർ ചികിത്സയിൽ, ഒരാളുടെ നില ഗുരുതരം

by news_desk1
0 comments

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ എട്ട് പേരാണ്പ്പെട്ടത്. പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായപ്പോൾ അഞ്ച് പേർക്ക് പരിക്കേറ്റു ചികിത്സയിലാണ്.

മരിച്ചവരെ തിരിച്ചറിഞ്ഞു. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ (45) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരിൽ രണ്ട് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേർ മെഡിസിറ്റി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഋഷഭും കുശാലും നിരീക്ഷണത്തിലാണ്. ഇവരിൽ ഒരാൾ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്ന് രാവിലെ സ്കൂളിലേക്ക് പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞതോടെയാണ് ദുരന്തം സംഭവിച്ചത്. ലോറി മറിഞ്ഞപ്പോൾ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ടിപ്പറിനടിയിലും മണ്ണിനടിയിലും അകപ്പെടുകയായിരുന്നു.

ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ടിപ്പർ ഉയർത്തിയും മണ്ണ് മാറ്റിയും മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും കണ്ടെത്തിയത്.

അപകടത്തിൽപ്പെട്ട എട്ട് പേരെയും രക്ഷാപ്രവർത്തകർ പുറത്തെടുത്തു. നിലവിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു. ലോറിയുടെ അമിതവേഗതയും നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like