തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി. വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ മാത്രം ഉന്നയിക്കണമെന്നും കെപിസിസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. വക്താക്കൾ ചേരിതിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം രൂക്ഷമായതോടെയാണ് നടപടി. ചില വക്താക്കൾ മുഖ്യമന്ത്രിയെ വിമർശിച്ചതിന് പിന്നാലെയാണ് നിർദേശം പുറത്തുവന്നത്.
അതേസമയം, മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ്. ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്താൻ സമയം ആവശ്യപ്പെട്ട് അലോഷ്യസ് സേവ്യർ കത്ത് നൽകും. പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു. വിഷയത്തിൽ കെഎസ്‌യു നേതാക്കൾ പ്രതികരിക്കരുതെന്നും അലോഷ്യസ് സേവ്യർ നിർദേശം നൽകിയിട്ടുണ്ട്. ചേരിതിരിഞ്ഞുള്ള പോരിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ശക്തമാണ്. വിവാദങ്ങളിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യമെന്നും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രിക്കെതിരായ വിമർശനത്തെ തുടർന്ന് അനൂപ് വി.ആറിനെയും ജിന്റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസി പ്രസിഡന്റിനും മാധ്യമവിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് പരാതിയിലെ വിമർശനം.
ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് ജിന്റോ ജോൺ ഫേസ്ബുക്കിൽ വിമർശനവുമായി രംഗത്തെത്തിയത്. “വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണ്. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ അൽഷിമേഴ്‌സ്, അധികാരത്തിന്റെ ദർബാർ, നീതിക്കായുള്ള കാത്തിരിപ്പ് എന്നിവ പരാമർശിച്ചുകൊണ്ടുള്ള കുറിപ്പും ജിന്റോ ജോൺ പങ്കുവെച്ചിരുന്നു.

