Home Nationalസോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരം; തുടർചികിത്സ ആവശ്യമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരം; തുടർചികിത്സ ആവശ്യമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

by news_desk1
0 comments

ദില്ലി: ജന്തർ മന്തറിലെ നിരാഹാര സമരവേദിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ സഫ്ദർജങ് ആശുപത്രി അധികൃതർ പുറത്തിറക്കി. ആരോഗ്യനില നിലവിൽ തൃപ്തികരമാണെങ്കിലും തുടർചികിത്സ ആവശ്യമാണെന്ന് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആശുപത്രിയിലായ ശേഷവും വാങ്ചുക്ക് നിരാഹാര സമരം തുടരുകയാണ്. ഐവി ഫ്ലൂയിഡ്സും മരുന്നുകളും സ്വീകരിക്കുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

വാങ്ചുക്കിന് ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകിവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെങ്കിലും രക്തത്തിലെ ചില അളവുകളിൽ വ്യതിയാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദീർഘനാളത്തെ ഉപവാസം മൂലമുണ്ടായ ശാരീരിക തളർച്ചയും മറ്റ് പ്രത്യാഘാതങ്ങളും പരിഗണിച്ച് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിൽ തുടർചികിത്സ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

നിലവിലെ ആരോഗ്യനില തൃപ്തികരമായിരുന്നാലും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി 24 മണിക്കൂറും നീളുന്ന ക്ലിനിക്കൽ നിരീക്ഷണം അനിവാര്യമാണെന്ന് സഫ്ദർജങ് ആശുപത്രിയിലെയും എയിംസിലെയും ഡോക്ടർമാർ സംയുക്തമായി വിലയിരുത്തി. അതനുസരിച്ച് ആവശ്യമായ ചികിത്സയും നിരന്തര ആരോഗ്യനിരീക്ഷണവും തുടരുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ഇന്നലെ ദില്ലി പൊലീസ് മഫ്തിയിലടക്കം സമരവേദിയിലെത്തി തുണികൊണ്ട് മറച്ച ശേഷമാണ് 20 ദിവസമായി നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആംബുലൻസിൽ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യപരിശോധനയ്ക്കായെത്തിയ മെഡിക്കൽ സംഘമാണെന്ന വ്യാജേനയാണ് പൊലീസ് എത്തിയതെന്ന ആരോപണവും ഉയർന്നിരുന്നു. സംഭവത്തെ തുടർന്ന് പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും നിരവധി പ്രമുഖർ നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം, സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പാർലമെന്റിലേക്ക് മാർച്ച് നടത്താനും സിജെപി തീരുമാനിച്ചിട്ടുണ്ട്. മാർച്ചിന് പൊലീസ് അനുമതി നൽകാൻ സാധ്യതയില്ലെന്നാണ് സൂചന.

You may also like