തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ നിന്ന് കരയ്ക്കെത്തിച്ച പ്ലാസ്റ്റിക് പെല്ലറ്റുകൾ അടങ്ങിയ ചാക്കുകൾ കൊണ്ടുപോകാനെത്തിയ കമ്പനി അധികൃതരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മത്സ്യബന്ധനം ഉപേക്ഷിച്ച് ഏറെ ശ്രമപ്പെട്ടാണ് ചാക്കുകൾ കരയ്ക്കെത്തിച്ചതെന്നും അതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഒരു വർഷം മുൻപ് കൊച്ചി–ആലപ്പുഴ ഉൾക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 ചരക്കുകപ്പലിൽ നിന്ന് കടലിലേക്ക് വീണ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക് പെല്ലറ്റുകൾ അടങ്ങിയ ചാക്കുകളാണ് കടലിൽ ഒഴുകിനടന്നത്. കടലിനടിയിൽ കിടന്ന കണ്ടെയ്‌നറുകൾ കാലപ്പഴക്കത്തെ തുടർന്ന് തകർന്നതോടെ അതിനുള്ളിലെ ചാക്കുകൾ വെള്ളത്തിന്റെ മുകളിലേക്ക് പൊങ്ങിയതാണെന്നാണ് വിലയിരുത്തൽ.
യുഎഇ നിർമ്മിതമായ 25 കിലോഗ്രാം ഭാരമുള്ള പോളിപ്രൊപ്പലൈൻ ചാക്കുകളാണിവ. അറബിയിലും ഇംഗ്ലീഷിലുമുള്ള വിവരങ്ങൾ ചാക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം തീരത്ത് നിന്ന് ഏകദേശം 32 മുതൽ 50 വരെ നോട്ടിക്കൽ മൈൽ അകലെയായി ഒഴുകിനടന്നിരുന്ന ചാക്കുകളാണ് മത്സ്യത്തൊഴിലാളികൾ വിവിധ വള്ളങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ കരയ്ക്കെത്തിച്ചത്.
കരയിൽ കൂട്ടിവെച്ചിരുന്ന ചാക്കുകൾ ഇന്നലെ വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ കമ്പനി അധികൃതർ ശ്രമിച്ചപ്പോഴാണ് മത്സ്യത്തൊഴിലാളികൾ തടഞ്ഞത്. വാഹനത്തിൽ കയറ്റിയിരുന്ന ചാക്കുകൾ തിരികെ ഇറക്കിക്കുകയും ചെയ്തു. ചാക്കുകൾ കരയ്ക്കെത്തിച്ച തൊഴിലാളികൾക്ക് യുക്തമായ നഷ്ടപരിഹാരം നൽകണമെന്നാണ് അവരുടെ ആവശ്യം.
മുൻപ് തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ ശേഖരിക്കാൻ പ്രതിഫലം നൽകി ജീവനക്കാരെ നിയോഗിച്ചിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മത്സ്യബന്ധനം പോലും ഉപേക്ഷിച്ച് ഉൾക്കടലിൽ നിന്ന് 150 ചാക്കുകൾ കരയ്ക്കെത്തിച്ച തൊഴിലാളികൾക്ക് യാതൊരു പ്രതിഫലവും നൽകിയിട്ടില്ലെന്നാണ് അവരുടെ ആരോപണം.
തീരത്ത് പ്ലാസ്റ്റിക് തരികൾ ശേഖരിക്കുന്നതിന് ചുമതലയുണ്ടായിരുന്ന കമ്പനിയുടെ കരാർ കഴിഞ്ഞ മാർച്ചോടെ അവസാനിച്ച സാഹചര്യത്തിലും നഷ്ടപരിഹാരം ലഭിക്കണമെന്ന നിലപാടിലാണ് തൊഴിലാളികൾ. പ്രതിഷേധമുണ്ടായെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.

