Home Kerala‘അവധി മാത്രം പോര, കറന്റിനും വേണം ഗ്യാരന്റി’; സണ്ണി ജോസഫിനെ ട്രോളി എം.എം. മണി

‘അവധി മാത്രം പോര, കറന്റിനും വേണം ഗ്യാരന്റി’; സണ്ണി ജോസഫിനെ ട്രോളി എം.എം. മണി

by news_desk1
0 comments

ഇടുക്കി: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ലെന്നും ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായനും കനിയണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. “കറന്റിനും വേണം ഗ്യാരന്റി” എന്നും എം.എം. മണി പരിഹാസരൂപത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം, ലോകകപ്പ് ഫൈനൽ കാണുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും ആവശ്യമായ വൈദ്യുതി കൂടുതൽ വില നൽകി വാങ്ങിയിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി. ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ഫൈനൽ ആവേശം മങ്ങാതിരിക്കാനാണ് അധിക വൈദ്യുതി ലഭ്യമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കൂടിയതോടെ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യത കുറവാണെന്നും വൈദ്യുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നുവെങ്കിലും, ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവശ്യമായ വൈദ്യുതി ഉറപ്പാക്കിയതായി കെഎസ്ഇബി വ്യക്തമാക്കി.

അതേസമയം, ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം സ്വാഗതം ചെയ്തു. വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം ലോകകപ്പ് ഫൈനൽ ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനം സഹായകരമാകുമെന്ന് അവർ പറഞ്ഞു.

ലോകകപ്പ് ഫൈനലിന്റെ പിറ്റേദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നേരത്തെ നിവേദനം നൽകിയിരുന്നുവെന്നും, വിദ്യാർഥികളുടെ താൽപര്യം പരിഗണിച്ച് സമയോചിതമായ തീരുമാനം കൈക്കൊണ്ട സർക്കാരിനും ബന്ധപ്പെട്ട മന്ത്രിമാർക്കും നന്ദി അറിയിക്കുന്നതായും ദിയ ബിനു വ്യക്തമാക്കി. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്താനും ഈ തീരുമാനം പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

You may also like