ആലപ്പുഴ: സെൻസസ് ഡ്യൂട്ടിക്കിടെ എന്യുമറേറ്ററായ ഭാര്യയെ അനുഗമിച്ചിരുന്ന ഭർത്താവിന് വളർത്തുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറും ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലാർക്കുമായ അവലുക്കുന്ന് സഫാ മൻസിലിൽ അമീർ എച്ചിനാണ് നായയുടെ കടിയേറ്റത്.
ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറായ അമീറിന്റെ കീഴിൽ ആറു എന്യുമറേറ്റർമാരാണ് പ്രവർത്തിക്കുന്നത്. ഇവരിൽ ഒരാൾ ഭാര്യയും ആര്യാട് എച്ച്.എസ്.എൽ.പി സ്കൂൾ അധ്യാപികയുമായ ഷംനയാണ്.
ചാത്തനാട് മന്നത്ത് ജംഗ്ഷന് തെക്കുഭാഗത്തുള്ള ഒരു വീട്ടിലെ വളർത്തുനായയാണ് ഇവരെ ആക്രമിച്ചത്. ഒന്നര മാസം മുൻപാണ് ഈ നായയെ ബഹ്റൈനിൽ നിന്ന് കൊണ്ടുവന്നതെന്ന് വിവരം.
നായ ഭാര്യയുടെ നേരെ പാഞ്ഞെത്തുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമീറിന് കടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

