കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ യുവതി കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് തൃണമൂൽ കോൺഗ്രസ് പരാതി. കാലിഘട്ടിലെ വീടിന് പുറത്തുവെച്ച് മമതയ്ക്ക് നേരെ യുവതി പാഞ്ഞടുക്കുകയും അസഭ്യം പറയുകയും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പാർട്ടിയുടെ ആരോപണം. സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ, യുവതിയുടെ കൈവശം കത്തിയുണ്ടായിരുന്നോ എന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ മമതാ ബാനർജിയുടെ വീടിന് പുറത്താണ് സംഭവമുണ്ടായതെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോലാ സെൻ നൽകിയ പരാതിയിൽ പറയുന്നു. മമതയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ടെത്തിയ തനിഷ്ത സഹ എന്ന യുവതി, മമത വീടിന് പുറത്തിറങ്ങിയപ്പോൾ അവരുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. യുവതി ലഹരിക്കടിമയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇസഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണവും തൃണമൂൽ കോൺഗ്രസ് ഉയർത്തി. കേന്ദ്രത്തിൽ ബിജെപിക്കെതിരെ മമത നടത്തുന്ന പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ സംഭവത്തിന് പിന്നിൽ ബിജെപിയുടെ ആസൂത്രണമുണ്ടോയെന്ന് സംശയിക്കുന്നതായി പാർട്ടി വക്താവ് സാകേത് ഗോഖലെ പ്രതികരിച്ചു. ബംഗാളിൽ ഇസഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്ക് പോലും സുരക്ഷിതത്വമില്ലാത്ത സാഹചര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അതേസമയം, മമതയുടെ വീടിന് പുറത്ത് വാക്കേറ്റമുണ്ടായെന്നും തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ യുവതിയെ കസ്റ്റഡിയിലെടുത്തെന്നുമാണ് പൊലീസിന്റെ വിശദീകരണം. അനുസുഹ സാഹ എന്ന 38 വയസ്സുകാരിയാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു. തൃണമൂൽ നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
