പാലക്കാട്: പിറന്നാൾ ദിനത്തിൽ നടൻ മമ്മൂട്ടിയെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് രമേഷ് പിഷാരടി. ഒരു കാലഘട്ടം മുഴുവൻ താനും ദൂരെ നിന്ന് ആഘോഷിച്ചയാളാണ് മമ്മൂട്ടിയെന്നും, പിന്നീട് അടുത്തുപോകാൻ അവസരം ലഭിച്ചപ്പോൾ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയെന്നതുപോലെ ചെന്നൈയിൽ പോയതാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
“മണ്ഡലത്തിൽ ചില ഉത്തരവാദിത്തങ്ങളുള്ളതിനാൽ രാത്രി ചെന്നൈയിൽ പോയി പെട്ടെന്ന് തിരിച്ചുപോന്നു. പോകണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഒരു കാലഘട്ടം മുഴുവൻ ഞാനും ദൂരെ നിന്ന് ആഘോഷിച്ചയാളാണ്. പിന്നീട് അടുത്തുപോകാൻ അവസരം കിട്ടിയപ്പോൾ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയെന്ന് പറയുന്നതുപോലെ പോയതാണ്,” രമേഷ് പിഷാരടി പ്രതികരിച്ചു.
പിറന്നാളിനോടനുബന്ധിച്ച് പാലക്കാട്ടുകാർക്കായി മമ്മൂട്ടി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലുമാണ് രമേഷ് പിഷാരടി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെയും രാജഗിരി ആശുപത്രിയുടെയും സഹകരണത്തോടെ പാലക്കാട് നിയോജക മണ്ഡലത്തിലെ 15 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ നൽകുന്നതാണ് പദ്ധതി. പദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.
75-ാം വയസ്സിലും മമ്മൂട്ടി ചെറുപ്പം നിലനിർത്തുന്നതിന് പിന്നിലെ ചില രീതികളെക്കുറിച്ചും രമേഷ് പിഷാരടി പങ്കുവെച്ചു.
“ഡെഡിക്കേഷന്റെ അംശം കുറേയുണ്ട്. വേണ്ടെന്ന് വയ്ക്കുന്ന കാര്യങ്ങൾ നിരവധിയാണ്. ‘ഫസ്റ്റ് നോ’യുടെ ആളാണ്. ഒരു ഗ്ലാസ് വെള്ളം വേണോയെന്ന് ചോദിച്ചാൽ പോലും ആദ്യം വേണ്ടെന്ന് വച്ച് ആലോചിച്ച ശേഷമാണ് അത് കുടിക്കുക,” എംഎൽഎ പറഞ്ഞു.
ജീവിതത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം കഥാപാത്രങ്ങളായാണ് ജീവിച്ചതെന്നും രമേഷ് പിഷാരടി പറഞ്ഞു. കഥാപാത്രങ്ങളായിരുന്ന സമയത്തൊന്നും അദ്ദേഹത്തിന്റെ പ്രായം കൂടിയിട്ടില്ല. നമ്മുടെയും ആഗ്രഹം അതുതന്നെയാണ്. നമ്മൾ അത് ആഗ്രഹിക്കുമ്പോൾ പ്രകൃതി കൂടെ നിൽക്കും എന്ന് പറയുന്നതുപോലെയാണ് അതും അദ്ദേഹത്തിന് ഗുണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടിക്ക് വാശികളൊന്നുമില്ലെന്നും എന്നാൽ ഇഷ്ടാനിഷ്ടങ്ങളുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. സ്റ്റൈലിംഗ് കൃത്യമായി നിലനിർത്തുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
