Home Keralaമുണ്ടത്തിക്കോട് ദുരന്തം: ചട്ടലംഘനം ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ; സമഗ്ര അന്വേഷണം ഉറപ്പ്

മുണ്ടത്തിക്കോട് ദുരന്തം: ചട്ടലംഘനം ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ; സമഗ്ര അന്വേഷണം ഉറപ്പ്

by news_desk1
0 comments

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ ചട്ടലംഘനം ഉണ്ടായതായി സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കി. അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ വെടിമരുന്നിന്റെ അമിത ഉപയോഗം കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്യില്ലെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ വ്യക്തമാക്കി. “വെടിക്കെട്ട് ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ്. ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. അതിനെ പൂര്‍ണമായി നിരോധിക്കുന്നത് ശരിയായ സമീപനം അല്ല,” എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ലഭിക്കുന്നതോടെ അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. കേരളത്തിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ അന്വേഷണമാണ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂർ പൂരം സാധാരണയായി കടുത്ത ചൂടുള്ള കാലാവസ്ഥയിലാണ് നടക്കുന്നതെന്നും, ഉയർന്ന താപനില വെടിമരുന്നിന് തീപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിക്കെട്ട് ഷെഡ്ഡുകൾ തമ്മിൽ അകലമില്ലാതെ സ്ഥാപിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി വിലയിരുത്തുന്നു.

“മുൻകരുതലുകൾ പാലിക്കാത്തത് ദുരന്തത്തിന്റെ ഗൗരവം വർധിപ്പിച്ചു. അശ്രദ്ധ വ്യക്തമാണ്,” എന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന സ്ഥലം വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശമായിരുന്നുവെന്നും, രക്ഷാപ്രവർത്തനത്തെ ഇത് ബാധിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ വീഴ്ചയുണ്ടോയെന്നതടക്കം എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അറിയിച്ചു.

You may also like