തിരുവനന്തപുരം: സ്ത്രീകള്‍ക്കും ട്രാന്സ്വുമണ്സിനും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്കായി കെഎസ്ആര്‍ടിസി ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ലോഗോ രൂപകല്പനയ്ക്കായി ചില നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി പുറത്തിറക്കിയിട്ടുണ്ട്.
ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍
- സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
- ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കണം.
- പൂര്‍ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്പനയായിരിക്കണം.
- പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല.
- തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്.ടി.സി.യ്ക്ക് ആയിരിക്കും.
ഫയല്‍ സ്പെസിഫിക്കേഷന്‍
- ഫോര്‍മാറ്റ്: PNG, PSD, PDF, CDR & Vector Format
- AI / EPS / SVG ഫോര്‍മാറ്റുകള്‍ ലഭ്യമെങ്കില്‍ സമര്‍പ്പിക്കാം
- റസലൂഷന്‍: കുറഞ്ഞത് 300 DPI
- സൈസ്: കുറഞ്ഞത് 6000 × 6000 Pixels
- കളര്‍ മോഡ്: RGB (CMYK വേര്‍ഷന്‍ അഭികാമ്യം)
- ഫയല്‍ വലുപ്പം: പരമാവധി 100 MB
ജൂണ്‍ 30നകം ലോഗോ priyadarshini@keralartc.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം.
സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ‘പ്രിയദര്‍ശിനി’.
സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും പ്രത്യേക രജിസ്ട്രേഷനോ തിരിച്ചറിയല്‍ കാര്‍ഡോ ആവശ്യമില്ല. പ്രായപരിധിയും നിശ്ചയിച്ചിട്ടില്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര ലഭിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്സെഷന് ടിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല.
സൗജന്യ യാത്ര ലഭ്യമായ ബസുകളുടെ മുന്നിലും വശങ്ങളിലുമായി ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

