തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ കുടുംബം വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ലോൺ ആപ്പിന്റെ പേരിൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച സഹോദരി നിഖിത, “നിതിന് നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങളും ഈ ലോകത്ത് ഉണ്ടാകില്ല” എന്ന കടുത്ത പ്രതികരണം നടത്തി.
നിതിൻ പഠനത്തിൽ ശ്രദ്ധയുള്ള കുട്ടിയാണെന്നും, ലോൺ ആപ്പുകളിൽ നിന്ന് വലിയ തുക വായ്പ എടുക്കാൻ ആവശ്യമായ രേഖകൾ അവനില്ലായിരുന്നുവെന്നും നിഖിത പറഞ്ഞു. “ഒരു വിദ്യാർത്ഥിക്ക് ശമ്പള സർട്ടിഫിക്കറ്റ് പോലുള്ള രേഖകളില്ലാതെ ലക്ഷങ്ങൾ വായ്പ ലഭിക്കില്ല. അതിനാൽ ലോൺ ആപ്പിന്റെ പേരിൽ ഈ സംഭവം ചുരുക്കാൻ ഞങ്ങൾ ഒരിക്കലും സമ്മതിക്കില്ല,” എന്നും അവർ വ്യക്തമാക്കി.
സ്റ്റാഫ് റൂമിൽ നിന്ന് പുറത്തുവന്നതിന് ശേഷം നിതിൻ ഒന്നും പറഞ്ഞില്ലെന്നും, ദിവസവും രാത്രി സംസാരിക്കാറുണ്ടായിരുന്ന സഹോദരൻ ആ ദിവസം മൗനമായിരുന്നുവെന്നും നിഖിത ഓർമ്മിച്ചു. കോളേജിലെ ചില അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപണവും കുടുംബം ആവർത്തിച്ചു.
ഇതിനിടെ, കേസിൽ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം. കെ. റാമിനെതിരെ സഹപാഠികൾ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. നിതിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിരുന്നുവെന്നും ‘സ്ലം ഡോഗ്’ എന്ന് വിളിച്ചിരുന്നതായും സഹപാഠികൾ ആരോപിച്ചു.
അധ്യാപകന്റെ പെരുമാറ്റത്തെക്കുറിച്ച് മുൻപ് തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും, ക്ലാസുകളിൽ മതവിഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും നടത്തിയിരുന്നുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും വിദ്യാർത്ഥികളും രംഗത്ത് തുടരുകയാണ്.

