തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് ഭീഷണി നിലനിൽക്കുന്നതിനിടെ വൻ ആശ്വാസവുമായി കെ.എസ്.ഇ.ബി (KSEB). ഇന്നും നാളെയും സംസ്ഥാനത്ത് യാതൊരുവിധ വൈദ്യുതി നിയന്ത്രണവും ഉണ്ടാകില്ലെന്ന് അധികൃതർ വാ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് (Swap) വ്യവസ്ഥ പ്രകാരം പീക്ക് സമയങ്ങളിൽ 200 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാക്കാൻ സാധിച്ചതാണ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായത്.
റിയൽ ടൈം മാർക്കറ്റിൽ (Real Time Market) നിന്നും മെച്ചപ്പെട്ട രീതിയിൽ വൈദ്യുതി ലഭിക്കുന്നുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം താരതമ്യേന ഉയർന്ന നിലയിലായിരുന്നുവെങ്കിലും പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യത തുണയായി. ആന്ധ്രാപ്രദേശിൽ (APCPDCL) നിന്ന് 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി അധികമായി എത്തിക്കാൻ നടത്തിയ ഊർജ്ജിതമായ നീക്കങ്ങളും ഫലം കണ്ടു.
ഈ അധിക ലഭ്യതകൾ മുൻനിർത്തിയാണ് പീക്ക് സമയങ്ങളിലടക്കം വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോകാൻ സാധിക്കുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകളാണ് നടക്കുന്നത്.
