തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വി. ജോയ് ആണ് സഭയിൽ ഈ വിഷയം ഉന്നയിച്ചത്. എന്നാൽ, പൊതുസ്ഥലംമാറ്റങ്ങൾ പൂർണ്ണമായും ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചുമാത്രമാണെന്ന് റവന്യൂ മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും, പരാതികൾ ഉണ്ടെങ്കിൽ അവ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജീവനക്കാരെ കൂട്ടത്തോടെ മാറ്റിയതെന്ന് വി. ജോയ് ആരോപിച്ചു. ഭരണാനുകൂല സംഘടനകളുടെ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുക്കുന്നതു പ്രകാരമാണ് നിലവിൽ സ്ഥലംമാറ്റങ്ങൾ നടക്കുന്നത്. 33 വകുപ്പുകളിലായി ഇതിനകം 207 ഉത്തരവുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 310 വനിതാ ജീവനക്കാരെ ഉൾപ്പെടെ ദൂരസ്ഥലങ്ങളിലേക്ക് പ്രബലമായ കാരണങ്ങളില്ലാതെ മാറ്റി. ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവർക്ക് അവർ ആവശ്യപ്പെട്ട തസ്തികകളിലേക്ക് മാറ്റം നൽകിയതായും വി. ജോയ് സഭയിൽ കുറ്റപ്പെടുത്തി. അതേസമയം, മേയ് മാസം ജീവനക്കാരുടെ വിരമിക്കൽ കാലമാണെന്നും അതനുസരിച്ച് സ്വാഭാവികമായ മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്നും മന്ത്രി സണ്ണി ജോസഫ് വിശദീകരിച്ചു. മുൻപ് 2016-ൽ സമാനമായ വിഷയം സഭയിൽ ഉയർന്നപ്പോൾ, ഒരു തസ്തികയിൽ ആളുമാറുമ്പോൾ സ്വാഭാവികമായും മറ്റുടങ്ങളിലും അതിന്റെ ചലനങ്ങളുണ്ടാകുമെന്ന് പിണറായി വിജയൻ തന്നെ വ്യക്തമാക്കിയ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ പവർ ബ്രോക്കർമാരും ദല്ലാൾമാരും ചേർന്ന് സ്ഥലംമാറ്റങ്ങൾ തീരുമാനിച്ചുതുടങ്ങിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. എല്ലാ സർവീസ് ചട്ടങ്ങളും ലംഘിച്ചുകൊണ്ട് നടത്തിയ ഈ സ്ഥലംമാറ്റങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. അതിനിടെ, മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അദ്ദേഹത്തിന്റെ അളിയനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചെങ്കിലും മന്ത്രി ഇതിനോട് പ്രതികരിച്ചില്ല.

