Home Keralaആര്‍ഭാടവും അനാവശ്യവും; മുഖ്യമന്ത്രിയുടെ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ ഒഴിവാക്കണമെന്ന് വി. ഡി. സതീശന്‍

ആര്‍ഭാടവും അനാവശ്യവും; മുഖ്യമന്ത്രിയുടെ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ ഒഴിവാക്കണമെന്ന് വി. ഡി. സതീശന്‍

by news_desk
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പോലീസ് നല്‍കിവരുന്ന ‘ഗാര്‍ഡ് ഓഫ് ഓണര്‍’ ചടങ്ങുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. ഗാര്‍ഡ് ഓഫ് ഓണര്‍ തികച്ചും ആര്‍ഭാടവും അനാവശ്യവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്രമസമാധാന പാലനത്തിന് പോലീസില്‍ ആവശ്യത്തിന് അംഗബലമില്ലാത്ത നിലവിലെ സാഹചര്യത്തില്‍ ഇത്തരം ആചാരപരമായ ചടങ്ങുകളുടെ ആവശ്യകത എന്താണെന്ന് മുഖ്യമന്ത്രി ചോദ്യം ചെയ്തു. മുഖ്യമന്ത്രി ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജില്ലകളിലെ ഗവ. ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുമ്പോഴാണ് സാധാരണയായി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാറുള്ളത്. എന്നാല്‍ ചടങ്ങ് പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് പകരം ആര്‍ഭാടം കുറച്ച് ലളിതമായി നിലനിര്‍ത്തുന്നതിനെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്.

നേരത്തെ, അധികാരമേറ്റയുടന്‍ തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ വരുത്താന്‍ വി. ഡി. സതീശന്‍ നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്രകള്‍ പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നും, പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെയുള്ള മറ്റ് അകമ്പടി വാഹനങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു നിർദേശം. നിലവില്‍ അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്‌കോര്‍ട്ട് 1, എസ്‌കോര്‍ട്ട് 2, ആംബുലന്‍സ്, സ്പെയര്‍ വാഹനം, സ്‌ട്രൈക്കര്‍ ഫോഴ്‌സ് എന്നിവയുള്‍പ്പെടുന്ന വലിയൊരു സുരക്ഷാ സന്നാഹമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുള്ളത്. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും ഔദ്യോഗിക പരിപാടികളുടെ സ്വഭാവവും അനുസരിച്ച് വരുംദിവസങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങളിലും വാഹനങ്ങളുടെ എണ്ണത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനം.

You may also like