Home Keralaവഖഫ് നിയമനത്തിൽ സർക്കാരിനെതിരെ പി. രാജീവ്; ‘മുനമ്പത്തെ 10 മിനിറ്റ് പരിഹാരം എവിടെ, ലീഗ് മതനിരപേക്ഷമല്ല’

വഖഫ് നിയമനത്തിൽ സർക്കാരിനെതിരെ പി. രാജീവ്; ‘മുനമ്പത്തെ 10 മിനിറ്റ് പരിഹാരം എവിടെ, ലീഗ് മതനിരപേക്ഷമല്ല’

by news_desk1
0 comments

കൊച്ചി: വഖഫ് നിയമന വിഷയത്തിൽ സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ വീണ്ടും തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുപ്രീംകോടതിയിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് നിയമനവുമായി ബന്ധപ്പെട്ട അധികാരം സർക്കാരിനാണെന്നും വഖഫ് ബോർഡിനല്ലെന്നും പി. രാജീവ് പറഞ്ഞു. മുസ്ലിം ലീഗിന്റെ നിലപാടിനെ വിമർശിച്ച അദ്ദേഹം, പാർട്ടിയുടെ പേരിൽ നിന്ന് ‘മുസ്ലിം’ എന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അത് ഒരു ‘ലിമിറ്റഡ് കമ്പനി’ പോലെ പ്രവർത്തിക്കുകയാണെന്നും ആരോപിച്ചു. തങ്ങൾക്ക് താൽപര്യമുള്ളവരെ നിയമിക്കുകയെന്നതാണ് ലീഗിന്റെ ലക്ഷ്യമെന്നും സിപിഎം സ്വീകരിക്കുന്നത് മതനിരപേക്ഷ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനമ്പം വിഷയത്തിൽ മുമ്പ് പറഞ്ഞ ’10 മിനിറ്റിൽ പരിഹാരം’ എന്ന വാഗ്ദാനം എന്തായെന്ന് ചോദിച്ച പി. രാജീവ്, പ്രതിപക്ഷത്തിരുന്ന് ഉന്നയിച്ച ആവശ്യങ്ങൾ അധികാരത്തിലെത്തിയപ്പോൾ നടപ്പാക്കാൻ എളുപ്പമല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേയെന്നും വിമർശിച്ചു.

വി.ഡി. സതീശന്റെ സ്ത്രീകളെ സംബന്ധിച്ച പരാമർശവും പി. രാജീവ് വിമർശിച്ചു. വിവാഹം കഴിച്ച് വീട്ടിലെത്തുന്ന സ്ത്രീകൾക്ക് മാത്രം ഉപദേശങ്ങൾ നൽകുന്നതിനെക്കുറിച്ച് പറയുന്നതിന് പകരം, പുരുഷന്മാർക്കും സമാനമായ സന്ദേശം നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തെയും പി. രാജീവ് വിമർശിച്ചു. ഡൽഹി പൊലീസിന്റെ നടപടി ഏത് അറ്റംവരെയും പോകാൻ തയ്യാറാണെന്നതിന്റെ തെളിവാണെന്നും എസ്എഫ്ഐ ചരിത്രപരമായ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും പി. രാജീവ് വ്യക്തമാക്കി.

You may also like