യുണൈറ്റഡ് സ്റ്റേറ്റ്സിൽ ലാൻഡിംഗിനിടെ 231 പേരുമായി എത്തിയ യാത്രാവിമാനം അപകടത്തിൽപ്പെട്ടു. യുണൈറ്റഡ് എയർലൈൻസ് വിമാനമാണ് റൺവേയിൽ ഇറങ്ങുന്നതിനിടെ അസാധാരണമായി താഴ്ന്ന് പറന്ന് ലൈറ്റ് പോസ്റ്റിലും തുടർന്ന് ഒരു ട്രക്കിലും ഇടിച്ചത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വെനീസിൽ നിന്ന് ന്യൂവാർക്കിലേക്ക് എത്തിയ ബോയിംഗ് 767 വിമാനത്തിനാണ് അപകടം സംഭവിച്ചത്. ലാൻഡിംഗിന്റെ അവസാന ഘട്ടത്തിൽ റൺവേയിലേക്ക് അടുക്കുമ്പോൾ വിമാനത്തിന്റെ ചിറക് റോഡരികിലെ ലൈറ്റ് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് താഴെ സഞ്ചരിച്ചിരുന്ന ഡെലിവറി ട്രക്കിൽ തട്ടുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന് കേടുപാടുകൾ സംഭവിക്കുകയും ഡ്രൈവർക്കു ചെറുപരിക്കേൽക്കുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 221 യാത്രക്കാരും 10 ജീവനക്കാരും സുരക്ഷിതരായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിവിധ ആംഗിളുകളിൽ നിന്നുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

