തൃശൂർ: നാട്ടികയിൽ വൻ ലഹരിമരുന്ന് ശേഖരവും മാരകായുധങ്ങളും പിടികൂടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം തൊട്ടാരത്ത് നന്ദു കൃഷ്ണ (21)യെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നടപടി സ്വീകരിച്ചത്. നേരത്തെ, നാട്ടിക ബീച്ച് സ്വദേശിയായ വിഷ്ണുവിനെ മാർച്ച് 9ന് പൊലീസ് വൻ ലഹരിമരുന്ന് ശേഖരവുമായി പിടികൂടിയിരുന്നു. മീൻപിടിത്തക്കാരനെന്ന വ്യാജേന ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.
വിഷ്ണുവിന്റെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിൽ 6.5 കിലോ കഞ്ചാവ്, അഞ്ച് വടിവാളുകൾ, കത്തി, എയർഗൺ, ഡിജിറ്റൽ ത്രാസ് എന്നിവ കണ്ടെത്തിയിരുന്നു. കേസിന്റെ തുടർ അന്വേഷണത്തിലാണ് നന്ദു കൃഷ്ണയുടെ പങ്ക് തെളിഞ്ഞത്.
ഇതിന് മുമ്പ്, വലപ്പാട് സ്വദേശിയായ മുഹമ്മദ് ഷെജി (30)യെയും മാർച്ച് 14ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് വിതരണ ശൃംഖലയുടെ ഭാഗമായിരുന്ന ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

