കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ കനത്ത തോൽവിയെ കുറിച്ച് വിലയിരുത്തലുമായി സന്തോഷ് പണ്ഡിറ്റ്. 140ൽ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എൽഡിഎഫിന് തിരിച്ചടിയായെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കോഴിക്കോട്, മലപ്പുറം ഉൾപ്പെടെയുള്ള മലബാർ മേഖലകളിലും കോട്ടയം, എറണാകുളം ജില്ലകളിലും യുഡിഎഫിന് അനുകൂലമായ വോട്ടിംഗ് പാറ്റേൺ രൂപപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയവും സ്വർണ്ണക്കടത്ത് വിവാദം മുതൽ വഖഫ് ബോർഡ് വരെ നീണ്ട വിവാദങ്ങളും ഹൈന്ദവ വോട്ടുകൾ അകറ്റിയതായും അദ്ദേഹം വിലയിരുത്തി. ഗാസ-ഇസ്രയേൽ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട്, ഹിജാബ് വിവാദം തുടങ്ങിയവയും സ്ഥിരം വോട്ടുകളിൽ ചോർച്ച ഉണ്ടാക്കിയതായി അഭിപ്രായപ്പെട്ടു.
ജനകീയ നേതാക്കളുടെ അഭാവവും ചില പ്രമുഖ നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നതും പാർട്ടിക്ക് തിരിച്ചടിയായെന്ന് സന്തോഷ് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷ അനുകൂല ബൗദ്ധികരിൽ ചിലർ അകന്നതും വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇനി ഇടത് വീണ്ടും ജയിച്ചാൽ കേരളം ബംഗാൾ പോലെയാകും’ എന്ന പ്രചാരണം പല വോട്ടർമാരെയും സ്വാധീനിച്ചുവെന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. വികസനവും ക്ഷേമപദ്ധതികളും പ്രതീക്ഷിച്ചത്ര വോട്ടായി മാറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എങ്കിലും തോൽവി ഒരു സ്വാഭാവിക രാഷ്ട്രീയ ഘടകമാണെന്നും, മുന്നിലുള്ള അഞ്ച് വർഷം പാർട്ടി സ്വയം വിലയിരുത്തി തിരുത്തലുകൾ നടത്തി ശക്തമായി തിരിച്ചുവരണമെന്നും സന്തോഷ് പണ്ഡിറ്റ് നിർദ്ദേശിച്ചു.

