ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഡിജിറ്റൽ മൂല്യനിർണ്ണയത്തിനായുള്ള ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ (OSM) ടെൻഡർ നടപടികളിൽ വൻ അഴിമതി നടന്നെന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രൊഫഷണൽ ഉപകരണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ ഉത്തരകടലാസുകൾ സ്കാൻ ചെയ്തതെന്ന പുതിയ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. ഡിജിറ്റൽ മൂല്യനിർണയത്തിലെ വീഴ്ചകൾക്കെതിരെ പരസ്യമായി രംഗത്തുവന്ന വിദ്യാർത്ഥികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. തന്റെ ‘മൻ കി ബാത്’ പരിപാടിയിൽ മാമ്പഴത്തെ കുറിച്ച് സംസാരിക്കാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ 18.5 ലക്ഷം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന ഈ വലിയ ആശങ്കയെക്കുറിച്ച് പൂർണ്ണ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാന സാങ്കേതിക നിബന്ധനകളിൽ വലിയ ഇളവുകൾ വരുത്തിക്കൊണ്ടാണ് ഒരു പ്രത്യേക സ്വകാര്യ കമ്പനിക്ക് സിബിഎസ്ഇ കരാർ നൽകിയതെന്നും, ഇവരാണ് ഉത്തരകടലാസുകൾ സ്കാൻ ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതെന്നും രാഹുൽ ഗാന്ധി എക്സിലൂടെ (X) ആരോപിച്ചു. 2025 മേയിലെ സിബിഎസ്ഇ ടെൻഡർ പ്രകാരം കുറഞ്ഞത് 300 ഡിപിഐ റെസല്യൂഷനിൽ, ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിക്കണമെന്നായിരുന്നു നിയമം. എന്നാൽ തൊട്ടടുത്ത ഓഗസ്റ്റിൽ വീണ്ടും പുറത്തിറക്കിയ ടെൻഡറിൽ ഈ കർശന നിബന്ധനകളെല്ലാം സിബിഎസ്ഇ ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. ഒരു പ്രത്യേക കമ്പനിയെ വഴിവിട്ട് സഹായിക്കാൻ വേണ്ടി മാത്രമാണ് ബോർഡ് ടെൻഡർ നിബന്ധനകളിൽ മാറ്റം വരുത്തിയതെന്നും ഇതോടെ ഈ വൻ അഴിമതിയിൽ സിബിഎസ്ഇയും നേരിട്ട് പങ്കാളിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. സ്കാനറുകളുടെ ഗുണനിലവാരവും റെസല്യൂഷനും 200 ഡിപിഐ ആയി കുറച്ചതിന്റെ അനന്തരഫലമാണ് മങ്ങിയ കോപ്പികളും വിട്ടുപോയ പേജുകളുമെന്നും ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന തട്ടിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും വലിയൊരു വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ അദ്ദേഹം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
നിസാർഗ അധികാരി എന്ന 19 വയസ്സുകാരനായ എത്തിക്കൽ ഹാക്കർ ഒഎസ്എം പോർട്ടലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ സ്ക്രീൻഷോട്ടുകൾ സഹിതം പുറത്തുവിട്ടതോടെയാണ് ഈ വിവാദം ദേശീയതലത്തിൽ ശക്തമായത്. ഇന്റർനെറ്റിലുള്ള ആർക്കും ഈ പോർട്ടലിൽ കയറി വിദ്യാർത്ഥികളുടെ അതീവ രഹസ്യ സ്വഭാവമുള്ള ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാനാകുന്ന അവസ്ഥയാണെന്ന് അദ്ദേഹം തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. വേഗതയും സുതാര്യതയും വർദ്ധിപ്പിക്കാൻ സിബിഎസ്ഇ കൊണ്ടുവന്ന ഡിജിറ്റൽ സംവിധാനം ഇപ്പോൾ വലിയൊരു വിശ്വാസ്യതാ പ്രതിസന്ധിക്കാണ് കാരണമായിരിക്കുന്നത്. പരീക്ഷാ ഫലം വന്നതിന് പിന്നാലെ മങ്ങിയ സ്കാനുകൾ, മൂല്യനിർണ്ണയം നടത്താത്ത പേജുകൾ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് എന്നിവ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ വർഷത്തെ 88.39 ശതമാനത്തിൽ നിന്ന് ഇത്തവണ പന്ത്രണ്ടാം ക്ലാസിലെ വിജയം 85.2 ശതമാനമായി കുറയുകയും ചെയ്തു. ഡൽഹിയിൽ ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് മറ്റൊരാളുടേതാണെന്ന് ബോധ്യപ്പെടുകയും പിന്നീട് സിബിഎസ്ഇക്ക് അത് തിരുത്തി നൽകേണ്ടി വരികയും ചെയ്തിരുന്നു. നിലവിൽ റീ-ഇവാലുവേഷൻ പോർട്ടൽ തുടർച്ചയായി തകരാറിലായത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. പുതിയ യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പും ദേശീയ മാധ്യമങ്ങളും അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ വീക്ഷിക്കുന്നത്.

