തിരുവനന്തപുരം: പോക്‌സോ കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ ഹാജരായതിന് പിന്നാലെ റിമാൻഡ് ചെയ്യുമെന്ന് അറിയിച്ചതോടെ കോടതിയിൽ നിന്ന് ഇറങ്ങിയോടി. നെടുമങ്ങാട് ഹരിശിപ്പറമ്പ് സ്വദേശി നിതിൻ രാജ് (31) ആണ് നെടുമങ്ങാട് പോക്‌സോ കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്.
2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്. കേസിന് ശേഷം ഒളിവിലായിരുന്ന ഇയാൾ ഇന്ന് അഭിഭാഷകനൊപ്പം സ്വമേധയാ കോടതിയിൽ ഹാജരാകുകയായിരുന്നു.
കേസിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കോടതി രൂക്ഷമായി വിമർശിച്ചു. ഇത്രയും നാൾ എവിടെയായിരുന്നുവെന്നും, കേസിൽ പത്ത് വർഷം വരെ ശിക്ഷ ലഭിക്കാമെന്നും ജഡ്ജി വ്യക്തമാക്കി. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് ഇയാൾ കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്.
സംഭവസമയത്ത് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥർ കോടതി പരിസരത്ത് ഉണ്ടായിരുന്നില്ല. വനിതാ ഉദ്യോഗസ്ഥർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ട് ഓടുകയായിരുന്നു.
2022ൽ നടന്ന കേസിൽ നാല് വർഷമായിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

