Home Keralaപിഎസ്‌സി പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ; 90 പരീക്ഷകളിലും പരാതികൾ, ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ; 90 പരീക്ഷകളിലും പരാതികൾ, ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും

by news_desk1
0 comments

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടിൽ കൂടുതൽ അന്വേഷണം നടത്താൻ എസ്‌ഐടി തീരുമാനിച്ചു. ഇതുവരെ 90 പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പി.എസ്.സി ഉദ്യോഗസ്ഥരെ നോട്ടീസ് നൽകി ഉടൻ ചോദ്യം ചെയ്യും. ആസൂത്രിത ഗൂഢാലോചന നടന്നതായി സൂചിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും അറിയുന്നു.

ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. ഈ 10 ചോദ്യങ്ങൾ എന്തുകൊണ്ട് ഒഴിവാക്കിയെന്ന അന്വേഷണത്തിലാണ് എസ്‌ഐടി നിർണായക നിഗമനത്തിലെത്തിയത്.

അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി ഈ 10 ചോദ്യങ്ങളിൽ ചിലതിന് തെറ്റായ ഉത്തരങ്ങളാണ് നൽകിയതെന്നും ചിലത് എഴുതാതിരുന്നതുമാണ് കണ്ടെത്തൽ. ആറ് ഉത്തരങ്ങൾ തെറ്റുകയും നാല് ചോദ്യങ്ങൾക്ക് ഉത്തരമെഴുതാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ 10 ചോദ്യങ്ങളും ഒഴിവാക്കിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി ഇടത് സംഘടനയുമായി ബന്ധപ്പെട്ട നേതാവാണെന്നും അന്വേഷണത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ കേസ് നിലനിൽക്കില്ലെന്നാണ് എസ്‌ഐടി വിലയിരുത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഈ തീരുമാനം. കെ.എ.എസ് ഉൾപ്പെടെയുള്ള മറ്റ് പരീക്ഷകളെ സംബന്ധിച്ചും ലഭിച്ച പരാതികൾ എസ്‌ഐടി തുടർ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

You may also like