Home Keralaപുനർജനി ക്ലീൻ ചിറ്റിനെതിരെ സിപിഎം രംഗത്ത്; ‘വി ഡി സതീശൻ ഭയപ്പെട്ടതിന്റെ തെളിവ്, അധികാര ദുർവിനിയോഗം’

പുനർജനി ക്ലീൻ ചിറ്റിനെതിരെ സിപിഎം രംഗത്ത്; ‘വി ഡി സതീശൻ ഭയപ്പെട്ടതിന്റെ തെളിവ്, അധികാര ദുർവിനിയോഗം’

by news_desk1
0 comments

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കേസിൽ അസാധാരണമായ നടപടിയാണ് നടന്നതെന്നും സ്വന്തം മന്ത്രിസഭയിലെ മന്ത്രിയിലൂടെ മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നേടിയെടുത്തുവെന്നുമാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് ആരോപിച്ചത്.

കേരളത്തിൽ ഇതുപോലൊരു മുൻചരിത്രമില്ലെന്നും ഇത് വ്യക്തമായ അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലേക്ക് കാര്യങ്ങൾ എത്തിയിരിക്കെയാണ് കേസ് അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“താൻ ഭയപ്പെട്ടു എന്ന് പറയുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശൻ, യഥാർത്ഥത്തിൽ ഭയപ്പെട്ടതിന്റെ തെളിവാണ് ഈ തിടുക്കപ്പെട്ട നടപടി” എന്നായിരുന്നു എസ്. സതീഷിന്റെ പ്രതികരണം. സർക്കാരിന്റെ നടപടിക്കെതിരെ നിയമപരമായി പോരാടുമെന്നും വിഷയത്തിൽ ശക്തമായ സമരവുമായി സിപിഎം മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനർജനി പദ്ധതിയിലൂടെ വീടുകൾ നിർമിച്ച് നൽകുന്നതിൽ ക്രമക്കേട് നടന്നെന്ന പരാതിയെത്തുടർന്നാണ് കഴിഞ്ഞ സർക്കാർ വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാൽ, വിജിലൻസ് അന്വേഷണത്തിൽ വി.ഡി. സതീശനെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ വി.ഡി. സതീശനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

You may also like