Home Keralaപിഎസ്‌സി നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ

പിഎസ്‌സി നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ

by news_desk1
0 comments

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് ചീഫ് നിയമനത്തട്ടിപ്പ് കേസിൽ നിർണായക നീക്കം. ഒളിവിലായിരുന്ന പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എറണാകുളത്തുനിന്നാണ് അറസ്റ്റ്. തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് നേരത്തേ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് റിമാൻഡിലാണ്. ഇരുവരെയും പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ നാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. പരീക്ഷാ കൺട്രോളർ ബിനി കെ. ഏബ്രഹാമിനെ തിങ്കളാഴ്ച ഹാജരാകാനും വിളിപ്പിച്ചിട്ടുണ്ട്. പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചെയർമാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ ഉടൻ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. പരീക്ഷാ നടപടികളിലെ ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ പങ്കും കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പ്രത്യേക സംഘം.

You may also like