Home Keralaജർമനിയിൽ പഠനവും ജോലിയും വാഗ്ദാനം; എത്തിച്ചത് റഷ്യയിൽ, പിന്നാലെ ലഹരിക്കടത്തിന് പ്രലോഭനം: നാല് വിദ്യാർഥികൾക്ക് ആറുലക്ഷം വീതം നഷ്ടം

ജർമനിയിൽ പഠനവും ജോലിയും വാഗ്ദാനം; എത്തിച്ചത് റഷ്യയിൽ, പിന്നാലെ ലഹരിക്കടത്തിന് പ്രലോഭനം: നാല് വിദ്യാർഥികൾക്ക് ആറുലക്ഷം വീതം നഷ്ടം

by news_desk1
0 comments

കൊല്ലം: ജർമനിയിൽ പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി റഷ്യയിലെത്തിച്ചെന്നും പിന്നീട് ലഹരിക്കടത്തിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചെന്നും ആരോപണം. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന പെഫ് (PEF) എന്ന സ്ഥാപനത്തിനെതിരെ ചവറ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി ആനന്ദ് (20), പത്തനംതിട്ട സ്വദേശി ജസ്റ്റിൻ (20), തിരുവനന്തപുരം സ്വദേശി ബിമൽ (20), മലപ്പുറം സ്വദേശി റിൻഷാദ് (20) എന്നിവരാണ് തട്ടിപ്പിനിരയായതായി പരാതി നൽകിയത്. ആനന്ദിന്റെ പരാതിയിലാണ് കേസ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ള നാലുപേരും പഠനത്തോടൊപ്പം ജോലി ചെയ്ത് കുടുംബത്തിന് താങ്ങാകാമെന്ന പ്രതീക്ഷയോടെയാണ് വിദേശത്തേക്ക് പോയത്. ഓരോരുത്തരിൽനിന്നും ആറുലക്ഷം രൂപ വീതമാണ് സ്ഥാപനം കൈപ്പറ്റിയതെന്നാണ് പരാതി. വായ്പയെടുത്തും കടം വാങ്ങിയുമാണ് കുടുംബങ്ങൾ പണം കണ്ടെത്തിയത്. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് വിദ്യാർഥികൾ സ്ഥാപനത്തെ സമീപിച്ചത്. ജർമൻ ഭാഷാ പഠനത്തിനുശേഷം വിദേശത്ത് തുടർപഠനത്തിന് അവസരം ഒരുക്കാമെന്ന് പറഞ്ഞ് ആദ്യം 50,000 രൂപ ഫീസായി വാങ്ങി. പിന്നീട് ജർമനിയിലേക്ക് പോകുന്നതിന് തടസ്സങ്ങളുണ്ടെന്നും അതിനുമുമ്പ് റഷ്യയിൽ മറ്റൊരു കോഴ്സ് പഠിക്കണമെന്നും പറഞ്ഞ് ആറുലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.

റഷ്യയിലെ സർവകലാശാലയിൽ പ്രവേശനം ശരിയാക്കിയെന്നും ആഴ്ചയിൽ രണ്ടു ദിവസം ക്ലാസിൽ പങ്കെടുത്താൽ മതിയെന്നും അഞ്ചുദിവസം ജോലി ചെയ്യാമെന്നും പ്രതിദിനം 5,000 റൂബിൾ ശമ്പളം ലഭിക്കുമെന്നും സ്ഥാപനം വിശ്വസിപ്പിച്ചതായി വിദ്യാർഥികൾ പറയുന്നു. എന്നാൽ റഷ്യയിലെത്തിയപ്പോഴാണ് വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് തിരിച്ചറിഞ്ഞത്. റഷ്യൻ ഭാഷാ പഠനത്തിനുള്ള 18 മാസത്തെ കോഴ്സിലാണ് പ്രവേശനം ലഭിച്ചത്. ആഴ്ചയിൽ ആറുദിവസവും ക്ലാസിൽ പങ്കെടുക്കണം. പഠനകാലത്ത് ജോലിക്ക് പോകാനും നിയമപരമായ അനുമതിയില്ലെന്ന് സർവകലാശാലയിൽനിന്ന് അറിയാനായി.

സ്ഥാപനത്തെ ബന്ധപ്പെട്ടപ്പോൾ സർവകലാശാലയുമായി രഹസ്യധാരണയുണ്ടെന്നായിരുന്നു മറുപടിയെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ സർവകലാശാല അധികൃതർ പെഫ് എന്ന സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്ന് അറിയിച്ചതായും ഇവർ ആരോപിക്കുന്നു. കോഴ്സ് തുടരുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാമെന്നായിരുന്നു സർവകലാശാലയുടെ നിർദേശം.

ജോലിയില്ലാതെ റഷ്യയിൽ പിടിച്ചുനിൽക്കാനാകാതെ വന്നതോടെ കുടുംബങ്ങൾ കടം വാങ്ങി പണം അയച്ചുനൽകി. ഇതിനിടെ പെഫിന്റെ റഷ്യൻ കോഓർഡിനേറ്റർ ബന്ധപ്പെടുകയും ലഹരിക്കടത്തിൽ പങ്കാളികളായാൽ പ്രതിദിനം 6,000 റൂബിൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിക്കുന്നു. വിവരം വീട്ടുകാരെ അറിയിച്ചതോടെ കുടുംബങ്ങൾ എംബസിയെ സമീപിച്ചു. എംബസിയുടെ സഹായത്തോടെയാണ് നാലുപേരും നാലുമാസത്തെ ദുരിതജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയത്.

നഷ്ടപ്പെട്ട പണം തിരികെ ആവശ്യപ്പെട്ടപ്പോൾ സ്ഥാപനം വിസമ്മതിച്ചെന്നും കേസ് നൽകിയാൽ ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടിയെടുക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്നും വിദ്യാർഥികൾ പറയുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നോർക്കയ്ക്കും പരാതി നൽകി. ഒരു മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ ആരോപണം. നഷ്ടപ്പെട്ട ആറുലക്ഷം രൂപ വീതം തിരികെ ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ജർമൻ ഭാഷാ പഠന സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കാറായതും തുടർപഠനത്തിന് പണം കണ്ടെത്താനാകാത്തതും വിദ്യാർഥികളെ ആശങ്കയിലാക്കുന്നു.

അതേസമയം, വിദ്യാർഥികളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പെഫ് എജ്യുക്കേഷൻ സി.ഇ.ഒ ചിന്മ പ്രതികരിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മതത്തോടെയാണ് നാലുപേരെയും റഷ്യയിലേക്ക് അയച്ചതെന്നും പഠനത്തോടൊപ്പം ജോലി ഉറപ്പുനൽകിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി. വിദ്യാർഥികൾ കൃത്യമായി ക്ലാസിൽ പങ്കെടുക്കുന്നില്ലെന്ന് സർവകലാശാലയിൽനിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് താക്കീത് നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വിദ്യാർഥികൾ റഷ്യയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും സ്ഥാപനം ആരോപിച്ചു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചവറ പൊലീസ് അറിയിച്ചു.

You may also like