Home Keralaബത്തേരി കോളിയാടി സ്‌കൂളിൽ ഒരാൾക്ക് കൂടി ഷിഗെല്ല; രോഗബാധിത വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി

ബത്തേരി കോളിയാടി സ്‌കൂളിൽ ഒരാൾക്ക് കൂടി ഷിഗെല്ല; രോഗബാധിത വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി

by news_desk1
0 comments

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതോടെ ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.

സ്‌കൂളിലെ കിണറ്റിലെ വെള്ളത്തിന്റെ പരിശോധനാഫലം നാളെ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 68ൽ നിന്ന് 38 ആയി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസര ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധന നടത്തുമെന്നും, ശുചിത്വ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെയാണ് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്ന വിദ്യാർത്ഥികളുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.

ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് കോളിയാടി മാർ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ജില്ലയിലെ സ്‌കൂളുകളിലെ കിണറുകളിലെ വെള്ളം പരിശോധിക്കാനും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ വേഗത്തിലാക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. സ്‌കൂളിൽ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ പരിശോധിക്കുന്നതിനായി ഡി.എം.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

കുടലിനെ പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

You may also like