Home Entertainment‘ജോക്കർ ചെയ്യുമ്പോൾ ഞാൻ അമ്മയുടെ വയറ്റിലുണ്ടായിരുന്നു’; മനസ് തുറന്ന് കല്ല്യാണി പണിക്കർ

‘ജോക്കർ ചെയ്യുമ്പോൾ ഞാൻ അമ്മയുടെ വയറ്റിലുണ്ടായിരുന്നു’; മനസ് തുറന്ന് കല്ല്യാണി പണിക്കർ

by news_desk1
0 comments

മലയാള സിനിമയിലേക്ക് ‘മധുവിധു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് കല്ല്യാണി പണിക്കർ. അമ്മയും നടിയുമായ ബിന്ദു പണിക്കർ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ‘ജോക്കർ’ സിനിമയിലെ സുശീലയാണെന്ന് കല്ല്യാണി പറയുന്നു. ആ ചിത്രം ചെയ്യുമ്പോൾ ബിന്ദു പണിക്കർ തന്നെ ഗർഭിണിയായിരുന്നുവെന്നും കല്ല്യാണി വെളിപ്പെടുത്തി.

ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ‘അമ്മ ചെയ്ത ജോക്കറിലെ സുശീല എന്ന കഥാപാത്രം പോലൊരു വേഷം ചെയ്യണമെന്നാണ് എന്റെ വലിയ ആഗ്രഹം. എന്തുകൊണ്ടാണ് ആ സിനിമയെ ഇത്രയും പ്രമോട്ട് ചെയ്യുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ആ ചിത്രത്തിൽ അമ്മ വാഴക്കുല വെട്ടി പിന്നിൽ വെച്ച് നടക്കുന്നതായ ഒരു രംഗമുണ്ട്. ആ രംഗത്തിൽ അമ്മയുടെ മുഖത്ത് വരുന്ന എക്‌സ്പ്രഷൻ എന്നെ ഏറെ അത്ഭുതപ്പെടുത്തി.

ഉള്ളിലെ വിഷമത്തെ ഹ്യൂമറാക്കി മാറ്റുന്ന പ്രകടനമാണ് ആ രംഗത്തിൽ കാണാൻ കഴിയുന്നത്. ഉള്ളിലെ വേദന നേരിട്ട് കാണിക്കാതെ പ്രകടിപ്പിക്കുക എന്നത് എനിക്ക് ചിന്തിക്കാനുപോലും കഴിയാത്ത കാര്യമാണ്. അമ്മയുടെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു,’ കല്ല്യാണി പറഞ്ഞു.

‘ആ സിനിമയുടെ ചിത്രീകരണ സമയത്ത് ഞാൻ അമ്മയുടെ വയറ്റിലുണ്ടായിരുന്നു. അമ്മയ്ക്ക് അന്ന് ആറുമാസം ഗർഭകാലമായിരുന്നു. അതുകൊണ്ടാണോയെന്ന് അറിയില്ല, എനിക്ക് ആ സിനിമയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്,’ എന്നും താരം കൂട്ടിച്ചേർത്തു.

‘ഷൈലോക്ക്’ എന്ന ചിത്രത്തിന് ശേഷം ബിബിൻ മോഹനും, ‘മധുര മനോഹര മോഹം’, ‘പെറ്റ് ഡിറ്റക്ടീവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്നാണ് ‘മധുവിധു’യുടെ തിരക്കഥ ഒരുക്കിയത്. വിഷ്ണു വിജയ് സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്.

കോമഡി ഫാമിലി എന്റർടെയ്‌നറായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. കല്ല്യാണി പണിക്കറുടെ ആദ്യ ചിത്രമായ ‘മധുവിധു’യിൽ ഷറഫുദ്ദീനായിരുന്നു നായകൻ. അസീസ് നെടുമങ്ങാട്, സായ്കുമാർ, ജഗദീഷ്, സഞ്ജു മധു, വിനീത് തട്ടിൽ, ബിന്ദു പണിക്കർ തുടങ്ങി വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമായിരുന്നു.

You may also like