തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന നേതൃയോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിമർശനവും സ്വയം വിമർശനവും ഉൾക്കൊള്ളുന്ന റിപ്പോർട്ടാണ് അംഗീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 40,000 പാർട്ടി ഘടകങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിച്ച് വിപുലീകൃത സംസ്ഥാന സമിതി യോഗം ഓഗസ്റ്റിൽ ചേരും. ഈ യോഗത്തിൽ ഭാവി പരിപാടികളും പാർട്ടിയുടെ തിരുത്തൽ നടപടികളും ചർച്ച ചെയ്യും.
അടിസ്ഥാന സ്വഭാവത്തിൽ നിന്നുള്ള തിരുത്തലാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ തേടിയാകും മുന്നോട്ടുപോവുക. ഇതിനായി വാട്സാപ്പ്, ഇമെയിൽ, വെബ്സൈറ്റ് എന്നീ മാർഗങ്ങളിലൂടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. ജനാധിപത്യ രീതിയിൽ പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും ഇത്തരമൊരു പരാജയം ഉണ്ടാകുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് മുൻകൂട്ടി വിലയിരുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു. ലോകമെമ്പാടും ശക്തിപ്രാപിക്കുന്ന വലതുപക്ഷ പ്രവണത കേരളത്തിന്റെ ചിന്താമണ്ഡലത്തിലും സ്വാധീനം ചെലുത്തിയതായി അദ്ദേഹം വിലയിരുത്തി. ജനകീയ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ തിരുത്തൽ നടപടികൾക്കായി പൊതുജനങ്ങളിൽ നിന്ന് നേരിട്ടുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി “പുതുവഴികൾ” എന്ന പേരിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി 7999477716 എന്ന വാട്സാപ്പ് നമ്പറും puthuvazhikal@gmail.com എന്ന ഇമെയിൽ വിലാസവും ഉപയോഗിക്കാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു.
അതേസമയം, യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു. ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ബന്ധുവിന്റെ രാജിയല്ല, മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
സസ്പെൻഷനിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നിയമനങ്ങൾ സംഘപരിവാർ താൽപര്യങ്ങൾക്കനുസരിച്ചാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
