മലപ്പുറം: അസമിൽ നിന്ന് കേരളത്തിലേക്ക് ജീപ്പിൽ രഹസ്യ അറയുണ്ടാക്കി ബ്രൗൺ ഷുഗർ കടത്തിയ മൂന്ന് പേർ മലപ്പുറത്ത് പിടിയിലായി. 333 ഗ്രാം ബ്രൗൺ ഷുഗറുമായി അസം നാഗോൺ സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹഖ് (31), റഷീദുൽ ഇസ്ലാം (32) എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ വളാഞ്ചേരി–പട്ടാമ്പി റോഡിലെ കൊട്ടാരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. അസമിൽ നിന്നെത്തിയ ജീപ്പിനെ സംശയം തോന്നി പൊലീസ് തടഞ്ഞ് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വാഹനത്തിനുള്ളിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറ കണ്ടെത്തുകയും അതിൽ ഒളിപ്പിച്ച നിലയിൽ ബ്രൗൺ ഷുഗർ കണ്ടെത്തുകയും ചെയ്തു.
സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കാനുള്ള ശ്രമമാണ് ഇതിലൂടെ പൊലീസ് തടഞ്ഞതെന്ന് അധികൃതർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പരിശോധനകൾ മറികടന്ന് കേരളം വരെ എത്തിയ പ്രതികൾ വളാഞ്ചേരിയിൽ നടത്തിയ കർശന പരിശോധനയിലാണ് കുടുങ്ങിയത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടപ്പാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ നടപടിയുടെ ഭാഗമായാണ് അറസ്റ്റ്. തിരൂർ ഡിവൈഎസ്‌പി എ.എം.സി. സിദ്ദീഖ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എൻ.ഒ. സിബി, വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ്ബാബു, പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്‌ഐ എം. നിർമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചതിന് പിന്നിലുള്ള ശൃംഖലയെക്കുറിച്ചും വിതരണ കേന്ദ്രങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
