കൊച്ചി: സിജു വിൽസൺ നായകനായി എത്തുന്ന ‘ഡോസ്’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആദ്യം ഏപ്രിൽ 24ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റിവെച്ചതിനെ തുടർന്ന് മെയ് 22നാണ് ഇനി തിയേറ്ററുകളിലെത്തുക.
നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു മെഡിക്കൽ ക്രൈം ത്രില്ലറാണ്. ആശുപത്രി പശ്ചാത്തലത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം, നിഗൂഢതകൾ എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. ലോകമെമ്പാടുമുള്ള യാഥാർത്ഥ്യ മെഡിക്കൽ ക്രൈം സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ജഗദീഷ്, അശ്വിൻ കുമാർ, കൃഷ്ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ്ണ കുറുപ്പ്, മധുപാൽ, റോണി ഡേവിഡ് രാജ്, സഞ്ജു സനിച്ചൻ എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയും ചിത്രത്തിലുണ്ട്.
എസിനിമാറ്റിക് പിക്‌ചേഴ്‌സിന്റെ ബാനറിൽ വണ്ടർ മൂഡ്‌സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം ഗോപി സുന്ദർ ഒരുക്കുന്നു.
സാങ്കേതികമായി ശക്തമായ ടീം അണിനിരക്കുന്ന ‘ഡോസ്’ മെഡിക്കൽ ത്രില്ലർ പ്രേമികൾക്ക് ഒരു വ്യത്യസ്ത അനുഭവമാകുമെന്നാണ് പ്രതീക്ഷ.

