Home Editorialഭീതിയല്ല വേണ്ടത്, ജാഗ്രതയും ഐക്യവും

ഭീതിയല്ല വേണ്ടത്, ജാഗ്രതയും ഐക്യവും

by news_desk
0 comments

ഒരു ഇടവേളയ്ക്കുശേഷം കേരളം വീണ്ടും നിപ വൈറസിന്റെ സാന്നിധ്യം നേരിടുകയാണ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഒരു വ്യവസായിക്ക് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും അനുബന്ധ ഏജൻസികളും പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി കർശന നിരീക്ഷണവും ക്വാറന്റീൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും, നിപ പോലുള്ള ഗുരുതര വൈറസ് രോഗങ്ങളുടെ കാര്യത്തിൽ അശ്രദ്ധയ്ക്ക് ഇടമില്ല. വയനാട് കണ്ടെത്തിയ ഷിഗെല്ലയുടെ വ്യാപനം കോഴിക്കോടും കൊല്ലവും കടന്ന് തിരുവനന്തപുരത്തും റിപ്പോർട്ട് ചെയ്തിരിക്കെയാണ് അതിനൊപ്പം ഭീതിതമായ നിപ്പയുടെ സ്ഥിരീകരണവുമുണ്ടാകുന്നതെന്നത് ആശങ്കപ്പെടുത്തുന്നതാണ്. 2018-ലാണ് കേരളം ആദ്യമായി നിപയുടെ ഭീകരത നേരിട്ടത്. അന്ന് ആരോഗ്യരംഗത്തിനും പൊതുസമൂഹത്തിനും വലിയ വെല്ലുവിളിയായിരുന്നു അത്. എന്നാൽ കൃത്യമായ ആരോഗ്യ ഇടപെടലുകളും ജനങ്ങളുടെ സഹകരണവും കൊണ്ടാണ് കേരളം ആ പ്രതിസന്ധിയെ അതിജീവിച്ചത്. പിന്നീട് 2022-ലും തുടർന്നുള്ള വർഷങ്ങളിലുമായി രോഗത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും, പ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് മൂലം വലിയ വ്യാപനം ഒഴിവാക്കാനായി.

ഇന്ന് കേരളത്തിന് നിപയെ നേരിടാനുള്ള അനുഭവസമ്പത്തും ശാസ്ത്രീയ അറിവും ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും മുൻകാലത്തേക്കാൾ ശക്തമാണ്. നിപ ഒരു സൂനോട്ടിക് വൈറസാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മറ്റൊരാളിലേക്കും പകരാൻ കഴിവുള്ള രോഗം. മലിനമായ പഴങ്ങൾ, ഭക്ഷ്യവസ്തുക്കൾ, രോഗബാധിതരുമായി അടുത്ത സമ്പർക്കം എന്നിവയാണ് പ്രധാന വ്യാപന മാർഗങ്ങൾ. വവ്വാലുകളാണ് വൈറസിന്റെ സ്വാഭാവിക വാഹകർ എന്നതിനാൽ അവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത അനിവാര്യമാണ്. എന്നാൽ വവ്വാലുകളെ ഭയന്ന് ആക്രമിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് പരിഹാരമല്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ അവയ്ക്കും നിർണായക പങ്കുണ്ട്. അവയെ ഉപദ്രവിക്കുന്നത് കൂടുതൽ അപകടസാധ്യതകൾ സൃഷ്ടിക്കാനേ ഇടയാക്കൂ. ഇത്തരം സാഹചര്യങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും മറ്റൊരു വെല്ലുവിളിയാണ്. രോഗത്തേക്കാൾ വേഗത്തിൽ ഭീതി പടരാൻ ഇടയാക്കുന്ന ഇത്തരം പ്രചാരണങ്ങളെ ജാഗ്രതയോടെ കാണണം. ഔദ്യോഗിക ആരോഗ്യവകുപ്പ് നിർദേശങ്ങളെയും ശാസ്ത്രീയ വിവരങ്ങളെയും മാത്രം ആശ്രയിക്കുകയാണ് ഓരോ പൗരന്റെയും ഉത്തരവാദിത്വം. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ അത് മറച്ചുവെക്കാതെ ഉടൻ ചികിത്സ തേടുകയും ആരോഗ്യപ്രവർത്തകരുമായി സഹകരിക്കുകയും വേണം. നിപയെ പ്രതിരോധിക്കുന്നത് ആരോഗ്യവകുപ്പിന്റെ മാത്രം ചുമതലയല്ല. പൊതുസമൂഹത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും കൂട്ടായ ഇടപെടൽ അതിന് ആവശ്യമാണ്.

വ്യക്തിശുചിത്വം പാലിക്കുക, പഴങ്ങളും ഭക്ഷണവസ്തുക്കളും സുരക്ഷിതമായി ഉപയോഗിക്കുക, രോഗബാധിതരുമായി അനാവശ്യ സമ്പർക്കം ഒഴിവാക്കുക എന്നീ അടിസ്ഥാന മുൻകരുതലുകൾ പോലും വലിയ പ്രതിരോധശക്തിയാണ്. കേരളം ഇതിനുമുമ്പ് നിപയെയും കോവിഡ് മഹാമാരിയെയും ഒറ്റക്കെട്ടായി നേരിട്ട് വിജയിച്ച നാടാണ്. അതേ ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും ഇപ്പോഴും ആവശ്യമുണ്ട്. ഭീതിക്ക് കീഴടങ്ങാതെ, എന്നാൽ അപകടത്തെ നിസാരവൽക്കരിക്കാതെയും മുന്നോട്ട് പോകണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും സമൂഹത്തിന്റെ കൂട്ടായ കരുതൽ ശക്തിപ്പെടുത്തുകയും ചെയ്താൽ നിപയെ ഇത്തവണയും ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിന് കഴിയും. ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധം. ഐക്യമാണ് ഏറ്റവും വലിയ ശക്തി. നിപയെ തോൽപ്പിക്കാൻ ഈ രണ്ടും നമുക്ക് കൈവിടാനാവില്ല.

You may also like