പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പിലാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി മുടക്കങ്ങൾ ഓവർലോഡ് മൂലം സിസ്റ്റം ‘ട്രിപ്പ്’ ചെയ്യുന്നതിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു.
ഉഷ്ണതരംഗം ശക്തമായതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗ്യാസിന്റെ ലഭ്യതക്കുറവ് മൂലം പലരും ഇൻഡക്ഷൻ കുക്കറുകളിലേക്ക് മാറിയതും വൈദ്യുതി ഉപയോഗം ഉയരാൻ ഇടയാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉപഭോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
റെഗുലേറ്ററി കമ്മീഷന്റെ ഹിയറിങ് പൂർത്തിയായതായി മന്ത്രി അറിയിച്ചു. ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടാകാമെന്നും, എങ്കിലും കറന്റ് ചാർജ് വർധിപ്പിക്കാതിരിക്കാനുള്ള ശ്രമം തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് കടന്നതായും മന്ത്രി പറഞ്ഞു.
അതേസമയം, കടുത്ത ചൂടിനിടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിവിധ സമയങ്ങളിൽ വൈദ്യുതി മുടക്കം അനുഭവപ്പെടുന്നതായി ജനങ്ങൾ പരാതി ഉന്നയിക്കുന്നു. ലോഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് വൈദ്യുതി തടസം ഉണ്ടാകുന്നതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

