കൊച്ചി: ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നതിനിടെ, ചിത്രത്തിൽ ഗായകനും വ്ലോഗറുമായ ഹനാൻ ഷായ്ക്ക് ഡയലോഗുകളില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ രംഗത്തെത്തി.
ഹനാൻ ഷാ അവതരിപ്പിച്ച കഥാപാത്രത്തിന് സംഭാഷണങ്ങളില്ലെന്ന കാര്യം ചിത്രീകരണത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും അതറിഞ്ഞുകൊണ്ടാണ് അദ്ദേഹം വേഷം സ്വീകരിച്ചതെന്നും സംവിധായകൻ പോൾ ജോർജ് വ്യക്തമാക്കി. കഥാപാത്രത്തിന്റെ സ്വഭാവവും കഥയിലെ പ്രാധാന്യവും ഹനാനോട് മുൻകൂട്ടി വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഹനാൻ ചിത്രത്തിലേക്ക് എത്തിയപ്പോൾ തന്നെ കഥാപാത്രത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നു. ഡയലോഗുകളില്ലാത്ത കഥാപാത്രമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് സമ്മതിച്ചാണ് അദ്ദേഹം സിനിമയുടെ ഭാഗമായത്. ഡയലോഗ് ഇല്ലാത്തത് പ്രേക്ഷകരിൽ ഇത്രയും ചർച്ചയാകുമെന്ന് അന്ന് കരുതിയിരുന്നില്ല,” എന്നാണ് സംവിധായകന്റെ പ്രതികരണം.
അതേസമയം, റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷകസ്വീകരണമാണ് ‘കാട്ടാളൻ’ നേടുന്നത്. ആദ്യദിനം ആഗോള ബോക്‌സ് ഓഫീസിൽ ശ്രദ്ധേയമായ കളക്ഷൻ നേടിയ ചിത്രം കേരളത്തിലും മികച്ച പ്രകടനം തുടരുകയാണ്. സോഷ്യൽ മീഡിയയിലും സിനിമയെ അനുകൂലിച്ചുള്ള പ്രതികരണങ്ങളാണ് കൂടുതലായി ഉയരുന്നത്.
ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ്, രാജ് തിരണ്ടാസു, പാർഥ് തിവാരി, ജഗദീഷ്, സിദ്ദിഖ്, ഹനാൻ ഷാ, ഹിപ്സ്റ്റർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആക്ഷൻ രംഗങ്ങളും ദൃശ്യവിസ്മയവും താരങ്ങളുടെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി പ്രേക്ഷകർ വിലയിരുത്തുന്നത്.

