Home Keralaതിരുവനന്തപുരം കോർപ്പറേഷൻ സംഘർഷം; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

തിരുവനന്തപുരം കോർപ്പറേഷൻ സംഘർഷം; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന കയ്യാങ്കളിയെ തുടർന്ന് ബിജെപി കൗൺസിലർമാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് നടപടി സ്വീകരിച്ചത്.

ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് കൗൺസിലർമാരായ ഷേർലിയും അനിത അലക്സും നൽകിയ പരാതിയിലാണ് നടപടി. ചെമ്പഴന്തി ഉദയനെയാണ് കേസിലെ ഒന്നാം പ്രതിയാക്കിയത്.

അതേസമയം, യുഡിഎഫ് കൗൺസിലർമാർക്കെതിരെയും ഇന്ന് പരാതി നൽകാനൊരുങ്ങുകയാണ് ബിജെപി.

ഇന്നലെ തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗം അവസാനിച്ചതിന് പിന്നാലെയാണ് യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായത്. കാപ്പാ കേസിൽ ജയിലിലുള്ള ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും പ്രതിഷേധം നടത്തുന്നതിനിടെ അജണ്ടകൾ അതിവേഗം പാസായതായി മേയർ പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്.

ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെ കെ.എസ്. ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. ആർ. സുഗതനെ സംരക്ഷിക്കാനായി ചെമ്പഴന്തി ഉദയൻ ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യുഡിഎഫിന്റെ പരാതി.

അതേസമയം, ഹാജർ രജിസ്റ്ററിൽ വെള്ളമൊഴിക്കാൻ യുഡിഎഫ് ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നും മേയർ വി.വി. രാജേഷ് ആരോപിച്ചു.

You may also like