പഞ്ചാബ് ബൗളർമാരെ അടിച്ചുതകർത്ത് വൈഭവ് സൂര്യവംശി; വെടിക്കെട്ട് ബാറ്റിംഗിലൂടെ റൺവേട്ടക്കാരിൽ ഒന്നാമത്
ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം 15-കാരനായ വൈഭവ് സൂര്യവംശിയാണ്. ഐപിഎല്ലിൽ കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ വൈഭവ് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയത്. വെറും 16 പന്തിൽ നിന്ന് 43 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഈ ഇന്നിങ്‌സോടെ ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്താനും ഈ കൗമാര താരത്തിന് സാധിച്ചു. എന്നാൽ റൺസിനേക്കാൾ ഉപരിയായി, വൈഭവ് പറത്തിയ സിക്‌സറുകളാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.
പഞ്ചാബിനെതിരെ മൂന്ന് ഫോറുകളും അഞ്ച് സിക്‌സറുകളുമാണ് വൈഭവ് നേടിയത്. ഇതിൽ മൂന്ന് സിക്‌സറുകൾ പിറന്നത് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുടെ ട്രേഡ്മാർക്ക് ശൈലിയായ ‘ഹെലികോപ്റ്റർ ഷോട്ടി’ലൂടെയായിരുന്നു എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടുകൾ മിസ്സ് ചെയ്തിരുന്ന ക്രിക്കറ്റ് പ്രേമികൾ വൈഭവിന്റെ ബാറ്റിംഗിനെ വൻതോതിലാണ് ആഘോഷിക്കുന്നത്. അർഷ്ദീപ് സിംഗിനെ ഒരു തവണയും ലോക്കി ഫെർഗൂസനെ രണ്ടുതവണയുമാണ് താരം ഹെലികോപ്റ്റർ ഷോട്ടിലൂടെ അതിർത്തി കടത്തിയത്. സോഷ്യൽ മീഡിയയിൽ ധോണിയുടെയും വൈഭവിന്റെയും ഷോട്ടുകൾ താരതമ്യം ചെയ്തുകൊണ്ടുള്ള വീഡിയോകൾ വൈറലായിക്കഴിഞ്ഞു.
223 റൺസ് എന്ന കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് സ്വപ്നതുല്യമായ തുടക്കമാണ് വൈഭവ് നൽകിയത്. തുടക്കത്തിൽ സഹ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ കാഴ്ചക്കാരനാക്കി നിർത്തിയായിരുന്നു വൈഭവിന്റെ അഴിഞ്ഞാട്ടം. ആദ്യ ഓവറിൽ അർഷ്ദീപിനെതിരെ ഒരു സിക്‌സും രണ്ട് ഫോറും നേടിയ താരം, അടുത്ത ഓവറിൽ ഫെർഗൂസനെതിരെ രണ്ട് സിക്‌സും ഒരു ഫോറും പറത്തി പഞ്ചാബ് ബൗളർമാരെ വിറപ്പിച്ചു. തൊട്ടടുത്ത ഓവറിൽ മാർക്കോ യാൻസനെയും താരം സിക്‌സറിന് ശിക്ഷിച്ചു. ഒടുവിൽ നാലാം ഓവറിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകി പുറത്താകുമ്പോഴേക്കും രാജസ്ഥാന്റെ സ്കോർ ബോർഡിൽ നിർണ്ണായകമായ 43 റൺസ് വൈഭവ് കൂട്ടിച്ചേർത്തിരുന്നു.
