Home WORLD CUP 26ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് മെക്സിക്കോയിൽ തിരിതെളിഞ്ഞു; ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും

ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് മെക്സിക്കോയിൽ തിരിതെളിഞ്ഞു; ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും

by news_desk
0 comments

ആഗോള കായികപ്രേമികൾ കാത്തിരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ വസന്തത്തിന് മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിത്തിൽ ഇന്ന് തുടക്കമാവുകയാണ്. ഗ്രൂപ്പ് എ-യിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ കരുത്തരായ സൗത്ത് ആഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12:30-നാണ് ഈ ആവേശപ്പോരാട്ടം ആരംഭിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ വിസ്മയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ്റ്റാഡിയോ ആസ്ടെക്ക, മൂന്ന് ലോകകപ്പ് ഉദ്ഘാടന മത്സരങ്ങൾക്ക് (1970, 1986, 2026) വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ചരിത്രനേട്ടവും ഇതോടെ സ്വന്തമാക്കും. 2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലും ഇതേ ടീമുകൾ തന്നെയാണ് പരസ്പരം ഏറ്റുമുട്ടിയതെന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്. അന്ന് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിപുലമായ ലോകകപ്പാണ് ഇത്തവണ അരങ്ങേറുന്നത്. മുൻപത്തെ 32 ടീമുകളിൽ നിന്നും ഇത്തവണ 48 ടീമുകളായി ടൂർണമെന്റ് വികസിപ്പിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി ആകെ 104 മത്സരങ്ങളാണ് നടക്കുക. ഇതിൽ 72 മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടത്തിലും 32 മത്സരങ്ങൾ നോക്കൗട്ട് റൗണ്ടുകളിലുമായി ക്രമീകരിച്ചിരിക്കുന്നു. ആതിഥേയരായ മൂന്ന് രാജ്യങ്ങളും ടൂർണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടിയപ്പോൾ, മറ്റ് 45 ടീമുകൾ രണ്ട് വർഷം നീണ്ടുനിന്ന കഠിനമായ യോഗ്യതാ പോരാട്ടങ്ങൾക്കൊടുവിലാണ് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്. ആകെയുള്ള 12 ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കൊപ്പം മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടും. ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് നോക്കൗട്ട് ഘട്ടം 32 ടീമുകളായി വിപുലീകരിക്കുന്നത്. ജൂലൈ 19-നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മഹാ ഫൈനൽ അരങ്ങേറുക.

മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി മത്സരങ്ങൾ നടക്കുന്നത് കൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പുകളിൽ ഒന്നായിരിക്കും ഇത്. ദീർഘദൂര യാത്രകൾ, രാജ്യങ്ങൾ തമ്മിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, സമുദ്രനിരപ്പിൽ നിന്നുള്ള ഉയര വ്യത്യാസം , സമയ മേഖലകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം കളിക്കാരുടെ കായികക്ഷമതയ്ക്ക് കടുത്ത പരീക്ഷണമാകും. പതിറ്റാണ്ടുകൾ നീണ്ട ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ബ്രസീൽ, ഇറ്റലി, ജർമ്മനി, സ്പെയിൻ, അർജന്റീന, ഇംഗ്ലണ്ട്, ഫ്രാൻസ്, ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വായ് എന്നീ എട്ട് രാജ്യങ്ങൾക്ക് മാത്രമാണ് കിരീടം ഉയർത്താൻ സാധിച്ചിട്ടുള്ളത്. ലോകോത്തര പ്രതിഭകളെ ലോകത്തിന് സംഭാവന ചെയ്തിട്ടും മൂന്ന് തവണ ഫൈനലിൽ എത്തിയിട്ടും കിരീടം നേടാനാകാതെ പോയ നെതർലൻഡ്‌സ് ആണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ടീം. ചരിത്രവും ആവേശവും പുതിയ വെല്ലുവിളികളും ഒത്തുചേരുന്ന ഈ ലോകകപ്പിൽ കനകക്കിരീടം ആര് ചൂടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് കായികലോകം.

You may also like