Home International‘ഇനി കാണുക മറ്റൊരു ഇറാനെ’; ട്രംപിന് കടുത്ത മുന്നറിയിപ്പുമായി തെഹ്റാൻ, ഊർജ വിപണി തകരുമെന്ന് മുന്നറിയിപ്പ്

‘ഇനി കാണുക മറ്റൊരു ഇറാനെ’; ട്രംപിന് കടുത്ത മുന്നറിയിപ്പുമായി തെഹ്റാൻ, ഊർജ വിപണി തകരുമെന്ന് മുന്നറിയിപ്പ്

by news_desk1
0 comments

ടെഹ്റാൻ: ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ. ഇതുവരെ ലോകം കണ്ട ഇറാൻ ആയിരിക്കില്ല ഇനി കാണാൻ പോകുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി.

അബദ്ധപരമായ തീരുമാനങ്ങളും തെറ്റായ തന്ത്രങ്ങളും അവസാനമില്ലാത്ത അനിശ്ചിതത്വത്തിലേക്കാണ് നയിക്കുകയെന്ന് ഗാലിബാഫ് പറഞ്ഞു. നിലവിലെ പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ വിപണിയെയും അടിസ്ഥാന സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

“തെറ്റായ തീരുമാനങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കും. ഇത് ഊർജ വിപണിയെയും അടിസ്ഥാന സൗകര്യങ്ങളെയും തകർക്കുകയും ദീർഘകാല പ്രതിസന്ധിക്ക് വഴിവെക്കുകയും ചെയ്യും. ഇനി നിങ്ങൾ കാണാൻ പോകുന്നത് മറ്റൊരു ഇറാനെയായിരിക്കും,” എന്നാണ് ഗാലിബാഫ് കുറിച്ചത്.

അതേസമയം, ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ ശേഷികൾ ഇതിനകം തന്നെ തകർന്നതായും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ഉടൻ അമേരിക്കയുടെ നിയന്ത്രണത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപ് വഴിയാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, വെനസ്വേലയിൽ സ്വീകരിച്ച മാതൃകയിൽ ഇറാന്റെ എണ്ണ-വാതക മേഖലകളുടെ നിയന്ത്രണവും അമേരിക്ക ഏറ്റെടുക്കുമെന്ന നിലപാടും ആവർത്തിച്ചു.

ഇതിനിടെ, മേഖലയിൽ വർധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. എണ്ണ ടാങ്കറുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള കപ്പലുകൾക്കും കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായും വിലക്ക് ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

വെടിനിർത്തൽ കരാർ അമേരിക്ക തുടർച്ചയായി ലംഘിച്ചുവെന്ന ആരോപണവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉന്നയിച്ചു. ഇറാന്റെ നിർദേശങ്ങൾ അംഗീകരിക്കുകയോ അല്ലെങ്കിൽ അവശേഷിക്കുന്ന വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുകയോ ചെയ്യേണ്ടിവരുമെന്ന് ട്രംപിന് മുന്നറിയിപ്പുമായി ഇറാനിയൻ ഉപദേഷ്ടാവ് മുഹസിന് റിസയും രംഗത്തെത്തി.

You may also like