തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന നടപടികൾ ഗവർണർ അട്ടിമറിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മാർച്ച് 31ന് വിരമിക്കുന്നതിന് മുമ്പ് പുതിയ കമ്മീഷണറായി നിയമ സെക്രട്ടറി സനൽ കുമാറിനെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ഇതിനായുള്ള ഫയൽ രാജ്ഭവനിലേക്ക് അയച്ചെങ്കിലും, സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ നടപടി മാറ്റിവച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
തുടർന്ന് ഹൈക്കോടതിയുടെ സമ്മതപത്രം ആവശ്യപ്പെട്ട ഗവർണർക്ക് അത് കൈമാറിയിട്ടും നിയമന നടപടികൾ പൂർത്തിയാക്കിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ഇപ്പോൾ ഗവർണറുടെ നിർദേശപ്രകാരം പുതിയ പേര് യുഡിഎഫ് സർക്കാർ സമർപ്പിക്കാൻ ഒരുങ്ങുകയാണെന്നും ഇത് നിയമന നടപടികളിലെ അട്ടിമറിയാണെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ രാഷ്ട്രീയ തലത്തിൽ പുതിയ വിവാദങ്ങൾക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

