Home Editorialഅകറ്റി നിറുത്തണം, അധികാര ആർത്തികളെ

അകറ്റി നിറുത്തണം, അധികാര ആർത്തികളെ

by news_desk1
0 comments

രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും ആദ്യ നാളുകൾ സംശുദ്ധതയിലും ആദർശത്തിലും അധിഷ്ഠിതമായിരുന്നു. എന്നാൽ സമകാലിക രാജ്യത്ത് അധികാരത്തിനോടുള്ള ആർത്തിയാണ് രാഷ്ട്രീയത്തെ ജനാധിപത്യ വ്യവസ്ഥിതിയെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നത്. പദവികളും സമ്പത്തും നേടുക എന്നതിൽ മാത്രം പൊതുസേവനം ഒതുങ്ങിപ്പോയിരിക്കുന്നു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ രാഷ്ട്രീയപരമായ മൂല്യചോഷണത്തിന്റെ തിക്ത ഫലങ്ങളാണ് രാഷ്ട്രീയ സംഘർഷങ്ങളും കലാപങ്ങളും വർഗീയ വേർതിരിവുകളുമായി ഈ നാട് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യൻ മണ്ണിലാണ് അധികാര വടംവലിയുടെ  ഏറ്റവും മ്ലേച്ഛമായ രൂപം രാജ്യം കണ്ടതെങ്കിൽ ജനാധിപത്യ നേരിന്റെയും പ്രത്യയശാസ്ത്ര അടിത്തറയുടെയും  പിൻബലത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടക്കുകയും നടന്നുകൊണ്ടിരിക്കുന്നതും ആയിരുന്ന കേരളത്തിൽ ഇപ്പോൾ അതല്ല സ്ഥിതി.

ഉത്തരേന്ത്യൻ മോഡൽ ചാക്കിട്ട് പിടുത്തവും പാർട്ടി മാറിലും രാഷ്ട്രീയപരമായ ഒറ്റുകൊടുക്കലുകളും ഇപ്പോൾ നിത്യ സംഭവമായിരിക്കുന്നു. എല്ലാത്തിന്റെയും മൂല കാരണം എന്നു പറയുന്നത് അധികാരമാണ്.താഴെത്തട്ട് മുതൽ മേൽത്തട്ട് വരെ ഭരിക്കാനുള്ള അവകാശം തുല്യം ചാർത്തി ലഭിക്കാൻ എന്ത് നെറികെട്ട ആശയത്തെയും പിന്തുടരാനും എത്ര മോശം നിറത്തിലുള്ള കൊടിയാണെങ്കിലും അത് പിടിക്കാനും അതിനൊപ്പം നടക്കാൻ യാതൊരുവിധ മടിയുമില്ലാതെ ആയിരിക്കും. വളർത്തി വലുതാക്കി ആരും കൊതിക്കുന്ന മരമാക്കി മാറ്റി ഈ നിലയിലേക്ക് എത്തിച്ച ഇന്നലെവരെ വെള്ളവും വളവും നൽകിയവരെ  മറന്നാണ് ഒറ്റയടിക്ക് രാത്രി ഇരുട്ടി വെളുക്കുന്നതിനു മുൻപ് കൂടുള്ള കൂടു മാറ്റങ്ങൾ  സംസ്ഥാനത്ത് തുടർക്കഥയാകുന്നത്.

ഏറ്റവും ഒടുവിലായി കൊട്ടാരക്കര മുൻ എംഎൽഎയും മുതിർന്ന സിപിഐഎം നേതാവുമായ ഐഷ പോറ്റി മൂന്നു പതിറ്റാണ്ട് നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിനൊപ്പം ചേർന്നു എന്നുള്ളതാണ് രാഷ്ട്രീയ കേരളം കണ്ട മാറ്റങ്ങളിൽ. അവരവർക്ക് അവരവരുടേതായ ആശയങ്ങൾ പിന്തുടരാനും ഇഷ്ടമുള്ള പ്രസ്ഥാനങ്ങളിൽ വിശ്വസിച്ച് പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന തന്നെ അനുവദിച്ചു നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ വിമർശിക്കാൻ സാങ്കേതികമായി മാത്രമേ ആർക്കും അധികാരമുള്ളൂ. വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യങ്ങളെയും പരിപൂർണ്ണമായി അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടെ. പക്ഷേ,നിലപാടെന്നുണ്ടെങ്കിൽ മനസാക്ഷിയെന്നുണ്ടെങ്കിൽ ഇത്തരമൊരു തീരുമാനം എടുക്കാൻ ആരും ഒന്നു പ്രയാസപ്പെടും. പ്രസ്ഥാനത്തിലേക്ക് അണികളെയും നേതാക്കളെയും ഇതര പാർട്ടികളിൽ നിന്ന് സ്വീകരിക്കുന്നത് പുതിയ കാര്യമല്ല. കോൺഗ്രസ് ആണെങ്കിലും സി.പി.എം ആണെങ്കിലും ബി.ജെ.പി ആണെങ്കിലും ഏതു പാർട്ടികളാണെങ്കിലും അവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. അവിടെയും രാഷ്ട്രീയപരമായ ധാർമികതയെന്നോന്നുണ്ടല്ലോ. ഇതിൽ ഒരിക്കലും ന്യായീകരിക്കാനാവാത്ത മറ്റൊരു കാര്യം  അതുവരെ   വീടിനുവേണ്ടി വിറക് വെട്ടുകയും വെള്ളം കോരുകയും ചെയ്തവരെയെല്ലാം വെട്ടി മാറ്റിക്കൊണ്ട് വിരുന്നു വന്നവരെ വീട്ടുകാർ ആക്കുന്ന സ്ഥിതി.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിത്തറ നഷ്ടപ്പെടുത്തുന്നതിൽ ഇത്തരം തീരുമാനങ്ങൾക്ക് നിർണായക പങ്കുണ്ട്. മറ്റൊരു വിഷയമാണ് കേരള കോൺഗ്രസിന് യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന  നാടകങ്ങൾ. മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദകളെ എല്ലാം ഒറ്റയടിച്ചു കാറ്റിൽ പറത്തി കൊണ്ടാണ് യു.ഡി.എഫിന്റെ ഭാഗത്ത് നിന്ന് മുന്നണി വിപുലീകരണം നീക്കങ്ങൾ ഉണ്ടാകുന്നത്. അൻവറിനെയും ജാനുവിനെയും വിഷ്ണുപുരം ചന്ദ്രശേഖരനെയും   യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗങ്ങൾ അക്ക തീരുമാനിക്കുകയും വിഷ്ണുപുരം ചന്ദ്രശേഖരൻ തനിക്ക് യു.ഡി.എഫിലേക്ക് വരാൻ താല്പര്യമില്ലെന്നും താനത് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പരസ്യമായി ആഞ്ഞടിക്കുകയും ചെയ്തത് കനത്ത അപമാനമാണ് യു.ഡി.എഫിന് നൽകിയത്.  അതിന്റെ ചൂടാറുന്നതിനു മുൻപാണ് കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് സ്വീകരിക്കുന്നു ക്ഷണിക്കുന്നു എന്നുള്ള മാധ്യമ വാർത്തകൾക്ക് അവസരം ഒരുക്കുന്ന ഇടപെടലുകൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്ന് തന്നെ ഉണ്ടായത്. രാഷ്ട്രീയപരമായ ദീർഘവീക്ഷണമോ പക്വതയോ ഒന്നും അറിയാത്തവരല്ല യുഡിഎഫ് നേതൃത്വം. അധികാരം നേടിയെടുക്കാനുള്ള ആവേശത്തിൽ  എടുത്തുചാട്ടങ്ങളാണ് സത്യത്തിലിത്.ഗുണത്തേക്കാൾ ഏറെ ദോഷമേ ഇതെല്ലാം നൽകൂ. അധികാരം ആരുടെയും അവകാശമല്ല ജനങ്ങളുടെ ഔദാര്യമാണ്. ആയ റാം ഗയ റാം പരിപാടിയെ കേരള ജനത ഇനി അംഗീകരിക്കാൻ സാധ്യതയില്ല. ജനങ്ങൾ എല്ലാം കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.അതിൻറെ ദൃഷ്ടാന്തമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട് ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞുവേണം ഓരോ രാഷ്ട്രീയ ചുവടുകളും മുന്നോട്ടുവയ്ക്കാൻ. 

You may also like