Home Editorialഭാര്യ വേലക്കാരിയല്ല; ജീവിതത്തിന്റെ സമപങ്കാളി

ഭാര്യ വേലക്കാരിയല്ല; ജീവിതത്തിന്റെ സമപങ്കാളി

by news_desk1
0 comments

ഭാര്യ വേലക്കാരിയല്ല, ജീവിത പങ്കാളിയാണ് എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഒരു നിയമ വിധി മാത്രമല്ല; ഇന്ത്യൻ സമൂഹത്തിന്റെ മനോഭാവത്തെ തിരുത്താനുള്ള ശക്തമായ സന്ദേശമാണ്. കുടുംബജീവിതത്തിൽ സ്ത്രീയുടെ പങ്ക് എങ്ങനെ കാണപ്പെടണം എന്നതിനെക്കുറിച്ച് വർഷങ്ങളായി നിലനിൽക്കുന്ന തെറ്റായ ധാരണകളെ ചോദ്യം ചെയ്യുന്ന നിർണായക ഇടപെടലാണ് ഇത്. സ്ത്രീ സുരക്ഷയും സ്ത്രീശക്തികരണവും വർത്തമാനകാല സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുമ്പോൾ ഉപയോഗിക്കപ്പെടുന്ന വാക്കുകളാണിത്. പക്ഷേ, അവസരത്തിനും ലാഭത്തിനും ഗുണത്തിനും അനുസരിച്ചാണെന്ന് മാത്രം. ആത്യന്തികമായി പലപ്പോഴും ഇതിനെല്ലാം നേർവിപരീതമായ സമീപനങ്ങളാണ് ഉണ്ടാകാറുള്ളത്. അതിനെ ശരിവെക്കുന്നതായിട്ടുള്ള സംഭവമാണ് ഭാര്യ ഭക്ഷണം പാചകം ചെയ്യാൻ വിസമ്മതിച്ചു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് വിവാഹമോചന കേസ് ഫയൽ ചെയ്തത്. എന്നാൽ ആ കേസ് പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി നടത്തിയിട്ടുള്ള അഭിപ്രായപ്രകടനമാണ് ഏറെ ശ്രദ്ധേയവും മാതൃകാപരവുമായിട്ടുള്ളത്.

വിവാഹം കഴിക്കുന്നത് വേലക്കാരിയെ അല്ല എന്നും മറിച്ച് ഒരു ജീവിത പങ്കാളിയെയാണെന്ന് ഓർമ്മ വേണമെന്ന് കോടതിയുടെ നിരീക്ഷണം. വീട്ടുജോലികൾ ഭർത്താവിന്റെയും കടമയാണെന്ന് കോടതി വ്യക്തമാക്കുന്നു. പരമ്പരാഗതമായി വീട്ടുജോലികളെ ‘സ്ത്രീയുടെ കടമ’ എന്ന നിലയിൽ കാണുന്ന സമീപനം ഇന്നും പല ഇടങ്ങളിലും തുടരുന്നു. പാചകം, ശുചീകരണം, കുട്ടികളുടെ പരിപാലനം തുടങ്ങിയവയെല്ലാം സ്വാഭാവികമായി ഭാര്യയുടെ ചുമതലയായി കണക്കാക്കുന്ന സമീപനം, അവളുടെ വ്യക്തിത്വത്തെയും അവകാശങ്ങളെയും നിരാകരിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പരാമർശം വലിയ പ്രസക്തി നേടുന്നത്. കാലവും കാഴ്ചപ്പാടുകളും മാറി എന്ന് അവകാശപ്പെടുമ്പോൾ മനുഷ്യരുടെ മനോഭാവത്തിൽ തെല്ലും മാറ്റം സംഭവിച്ചിട്ടില്ലെന്ന് ഇത്തരത്തിലുള്ള നീക്കങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സമത്വത്തിന്റെയും നീതിയുടെയും പര്യായമായ ഇന്ത്യയിൽ തന്നെയാണ് സ്ത്രീകൾ മാനസികവും ശാരീരികവുമായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വിവാഹം ഒരു കരാറോ ബാധ്യതകളുടെ പട്ടികയോ അല്ല; അത് പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധമാണ്. അതിൽ പരസ്പര ബഹുമാനവും സഹകരണവുമാണ് മുഖ്യ ഘടകങ്ങൾ.

ഭാര്യയെ വീട്ടുജോലികൾക്കായി മാത്രം ചുരുക്കി കാണുന്ന സമീപനം, അവളെ ഒരു വ്യക്തിയെന്ന നിലയിൽ കാണാതെ ഉപകരണമായി കാണുന്നതിന് തുല്യമാണ്. ഈ മനോഭാവം മാറ്റേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ചരിത്രകാലം മുതൽ അവകാശ സമരങ്ങളുടെ മുന്നണി പോരാളികളായി നിന്നിരുന്ന വനിതകൾ അടുക്കളയിലും അരങ്ങിലും ഇന്നും അവരുടെ സ്വത്വം കണ്ടെത്താനും നിലനിർത്താനുമായി വലിയ പോരാട്ടത്തിലാണ്. അറിവും വിവരവും സാമൂഹിക ബോധവും നിറഞ്ഞ നാടും നാട്ടുകാരും സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് അതിർവരമ്പുകൾ വരച്ച് അവരെ തടവറയിൽ ആക്കാൻ ശ്രമിക്കുന്നുണ്ട്. ചുരുക്കം ചിലവർ മാത്രമാണ് ആ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് വിശാലമായ ലോകത്തിൻ്റെ പ്രസരിപ്പിലേക്കും നിറങ്ങളിലേക്കും പറന്നുപോകുന്നത്.

വിവാഹം ഇപ്പോഴും ഒരു കരാറായി മാറുകയാണ്. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എല്ലാ മേഖലകളിലും മുന്നേറുമ്പോഴും, വീട്ടിനുള്ളിലെ അവകാശങ്ങളിലും പങ്കാളിത്തത്തിലും സമത്വം പൂർണമായിട്ടില്ല. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരട്ടഭാരമാണ് പലപ്പോഴും നേരിടേണ്ടി വരുന്നത്-ജോലിസ്ഥലത്തും വീട്ടിലും. ഇതൊരു അനീതിയാണ്. കുടുംബജീവിതം സമത്വത്തിൽ നിലനിൽക്കണമെങ്കിൽ ഉത്തരവാദിത്വങ്ങൾ പങ്കിടേണ്ടത് അനിവാര്യമാണ്. നിയമപരമായി സ്ത്രീധന നിരോധനം നടപ്പിലാക്കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ അവിടെ സ്ത്രീധന തുക കുറഞ്ഞു പോയതിന്റെ പേരിൽ യഥാസമയം ലഭിക്കാത്തതിന്റെ പേരിൽ എത്രയോ സ്ത്രീകളാണ് ക്രൂരവും പൈശാചികവുമായ പീഡനങ്ങൾക്ക് ഇരയായി ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന സ്ഥിതിയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്.

പുരോഗതിയിലേക്ക് കുതിക്കുന്ന പുരോഗമന ജനതയെന്നത് വെറും അവകാശവാദം മാത്രമാണെന്ന് ഇവരുടെ രക്തസാക്ഷിത്വങ്ങൾ തെളിയിക്കുന്നു. പെൺകുഞ്ഞ് പിറന്നതിന്റെ പേരിൽ ഒരു ബാധ്യത തീർക്കുന്നതിന്റെ രൂപത്തിലാണ് മാതാപിതാക്കളും ബന്ധുജനങ്ങളും 18 കഴിഞ്ഞാൽ ഉടൻ വിവാഹം നടത്തുന്നത്. അവരുടെ സ്വപ്നങ്ങൾക്കോ കാഴ്ചപ്പാടുകൾക്കോ താല്പര്യങ്ങൾക്കോ അവിടെ പ്രസക്തിയില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ ഇവിടെ ഒരു വിഭാഗത്തിന് മാത്രം അത് അനുവദിക്കാതിരിക്കുന്നത് മാപ്പ് അർഹിക്കാത്ത തെറ്റ് തന്നെയാണ്.

സുപ്രീംകോടതിയുടെ നിരീക്ഷണം നിയമപരമായ പരിധികൾക്കപ്പുറം ഒരു സാമൂഹിക ബോധവൽക്കരണമാണ്. കുടുംബബന്ധങ്ങളിൽ സ്നേഹവും ബഹുമാനവും നിലനിർത്താൻ, പരസ്പരം ഒരാളുടെ പരിശ്രമത്തെയും സ്വപ്നങ്ങളെയും അംഗീകരിക്കേണ്ടത് നിർബന്ധമാണ്. ഭാര്യയെ ‘വേലക്കാരി’ എന്ന നിലയിൽ കാണുന്ന മനോഭാവം മാറ്റി ‘ജീവിത പങ്കാളി’ എന്ന നിലയിൽ കാണാൻ സമൂഹം തയ്യാറാകേണ്ട സമയമാണിത്. ഈ വിധി സമൂഹത്തിന് മുന്നിൽ വെക്കുന്ന സന്ദേശം ലളിതമാണ്-സമത്വം, ബഹുമാനം, പങ്കാളിത്തം. അതിനെ ജീവിതത്തിൽ നടപ്പിലാക്കുമ്പോഴാണ് ഒരു കുടുംബവും അതിലൂടെ ഒരു സമൂഹവും സുസ്ഥിരമായി മുന്നോട്ട് പോകുക.

You may also like