Home Internationalഇറാൻ–അമേരിക്ക സംഘർഷം കടുത്തു: യുഎസ് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ, രക്ഷാദൗത്യത്തിൽ മരണം റിപ്പോർട്ട്

ഇറാൻ–അമേരിക്ക സംഘർഷം കടുത്തു: യുഎസ് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ, രക്ഷാദൗത്യത്തിൽ മരണം റിപ്പോർട്ട്

by news_desk1
0 comments

ഇറാൻ–അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, യുഎസിന്റെ മറ്റൊരു സൈനിക വിമാനവും വെടിവെച്ച് വീഴ്ത്തിയതായി ഇറാൻ അവകാശപ്പെട്ടു. രക്ഷാദൗത്യത്തിനിടെ ഇസ്ഫഹാനിൽ യുഎസിന്റെ സി-130 വിമാനമാണ് തകർത്തതെന്ന് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ‘ഫരാജ് റേഞ്ചേഴ്‌സ്’ എന്ന പൊലീസ് കമാൻഡോ യൂണിറ്റാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിനിടെ അഞ്ചുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടലുകൾ തുടരുന്നതായും വിവരം.

അതേസമയം, കഴിഞ്ഞ ദിവസം ഇറാനിൽ തകർന്നുവീണ F-15E Strike Eagle യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയതായി ഡോണൾഡ് ട്രംപ് അറിയിച്ചു. പൈലറ്റിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും യുഎസ് അധികൃതർ വ്യക്തമാക്കി. പൈലറ്റിന്റെ തിരിച്ചറിയൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇറാന്റെ സൈനിക ശേഷി തകർന്നതായി ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് യുഎസിന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ പ്രഖ്യാപിച്ചത്. തെക്കൻ ഇറാനിൽ തകർന്നുവീണ മറ്റൊരു എഫ്-15ഇ വിമാനത്തിലെ ഒരാൾ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതായിരുന്നു.

പൈലറ്റിനെ കണ്ടെത്താൻ ഇറാനും രക്ഷിക്കാൻ യുഎസും പ്രത്യേക ദൗത്യങ്ങൾ ആരംഭിച്ചതോടെ, ആറാം ആഴ്ചയിലേക്ക് കടക്കുന്ന സംഘർഷം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തൽ.

You may also like