ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ പുതിയ പരീക്ഷണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. പ്രശ്നങ്ങൾ രൂക്ഷമായ നദികളും ചതുപ്പുകളും നിറഞ്ഞ അതിർത്തി മേഖലകളിൽ പാമ്പുകളും മുതലകളും വിന്യസിച്ച് സുരക്ഷ ശക്തിപ്പെടുത്താനാണ് ആലോചന.
ഇത് സംബന്ധിച്ച് അതിർത്തി സുരക്ഷാ സേനയായ ബിഎസ്എഫിൽ പ്രാഥമിക ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വേലി കെട്ടാൻ സാധ്യമല്ലാത്ത മേഖലകളിലാണ് ഇത്തരം പരീക്ഷണം പരിഗണിക്കുന്നത്. ഏകദേശം 4096 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 175 കിലോമീറ്റർ ഭാഗം നദികളും ചതുപ്പുകളും ഉൾക്കൊള്ളുന്നതാണ്. ഈ പ്രദേശങ്ങളിൽ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നത് സൈനികർക്കു വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് പുതിയ മാർഗങ്ങൾ അന്വേഷിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിനായി അനുയോജ്യമായ നദീതീരങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഇപ്പോൾ ആശയതലത്തിലുള്ള ചർച്ച മാത്രമാണെന്നും, യഥാർത്ഥത്തിൽ നടപ്പാക്കുമോയെന്നത് വ്യക്തമല്ല.
ഇതിനിടെ, ഡ്രോണുകൾ, സെൻസറുകൾ, ക്യാമറകൾ തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിർത്തി നിരീക്ഷണം ശക്തിപ്പെടുത്തുന്നതും തുടരുകയാണ്. നുഴഞ്ഞുകയറ്റവും കള്ളക്കടത്തും വർധിച്ച സാഹചര്യത്തിലാണ് ബിഎസ്എഫ് പുതിയ മാർഗങ്ങൾ അന്വേഷിക്കുന്നത്. അടുത്തിടെ സ്വർണ കള്ളക്കടത്ത് ശ്രമം തടഞ്ഞ് കോടികളുടെ സ്വർണം പിടികൂടിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

