Home Keralaപാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം ആരോപണം; കെഎസ്ഇബി ജീവനക്കാരന്റെ മരണത്തിൽ കേസ്

പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം ആരോപണം; കെഎസ്ഇബി ജീവനക്കാരന്റെ മരണത്തിൽ കേസ്

by news_desk1
0 comments

തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. അമ്പൂരി സ്വദേശിയായ സന്തോഷ് കുമാർ (38) ആണ് മരിച്ചത്.

അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്നും ഓക്‌സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കാൻ ആശുപത്രി ജീവനക്കാർക്ക് പരിജ്ഞാനം ഇല്ലായിരുന്നുവെന്നും സഹപ്രവർത്തകർ നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രിയിലെത്തുമ്പോൾ സന്തോഷ് ജീവനോടെ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ ആരോപിച്ചു.

പാറശാല ആശുപത്രിക്ക് സമീപത്ത് പോസ്റ്റ് മാറ്റുന്നതിനിടെ സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആവശ്യമായ പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം.

സംഭവത്തിൽ പ്രതിഷേധിച്ച് സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിലവിൽ സന്തോഷ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമായി അറിയാൻ കഴിയൂ.

അതേസമയം, ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയതായി ആശുപത്രി അധികൃതർ വിശദീകരിച്ചു. അടുത്തിടെ 46 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ആശുപത്രിയാണ് പാറശാല താലൂക്ക് ആശുപത്രി.

You may also like