തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ചവിട്ടേറ്റ് വാരിയെല്ല് ഒടിഞ്ഞ് അത് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും വ്യക്തമാക്കി. ബാറിനുള്ളിലെ സംഘർഷത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നതും പരിശോധിച്ചുവരികയാണ്.
പ്രധാന പ്രതിയായ അനന്തുവിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
എഫ്‌ഐആർ പ്രകാരം, സുമനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയായിരുന്നു ആക്രമണം. ആദ്യം ബാറിനുള്ളിലും തുടർന്ന് റോഡിലും ക്രൂരമായി മർദിച്ചു. നെഞ്ചിലും മുഖത്തും മർദിക്കുകയും കഴുത്തിലും നെഞ്ചിലും പലവട്ടം ചവിട്ടുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവദിവസം രാത്രി ബാറിലുണ്ടായ തർക്കത്തിന് പിന്നാലെ സഹോദരങ്ങളായ അച്ചുവും അനന്തുവും ചേർന്നാണ് ആക്രമണം നടത്തിയത്. അവശനിലയിലായ സുമനെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് വഴിയിലൂടെ വന്ന കാർ യാത്രികൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാറിൽ ഉണ്ടായിരുന്നവരുടെ സാന്നിധ്യത്തിലായിരുന്നു മുഴുവൻ ആക്രമണവും നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

