കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തിലെത്തിയ വീടുകളില്‍ വിള്ളലും ചോര്‍ച്ചയും കണ്ടെത്തിയതോടെ ദുരന്തബാധിതര്‍ ആശങ്കയില്‍. ആദ്യഘട്ടമായി കൈമാറാനിരിക്കുന്ന 178 വീടുകളില്‍ രണ്ട് വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയതായാണ് വിവരം.
ടൗണ്‍ഷിപ്പിലെ ഭൂരിഭാഗം വീടുകളും പൂര്‍ണമായും താമസയോഗ്യമല്ലെന്ന വിമര്‍ശനവും ഉയരുന്നു. ചൂരല്‍മല സ്വദേശിയായ നൗഫല്‍ തനിക്ക് ലഭിച്ച വീട്ടില്‍ മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്നും മഴപെയ്തപ്പോള്‍ വെള്ളം ചോര്ന്നിറങ്ങിയെന്നും പരാതിപ്പെട്ടു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ ദുരന്തബാധിതര്‍ കടുത്ത അസന്തോഷം പ്രകടിപ്പിച്ചു. എങ്കിലും കുറഞ്ഞത് 178 വീടുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി കൈമാറണമെന്ന് ആവശ്യമാണ്.
സംഭവവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരും യോഗത്തില്‍ പങ്കെടുക്കും. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ച കൂടി സമയം ആവശ്യപ്പെടാനാണ് സൊസൈറ്റിയുടെ തീരുമാനം.
അടുത്ത മാസം 20ഓടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കുമെന്നാണ് ഊരാളുങ്കല്‍ അറിയിച്ചിരിക്കുന്നത്. ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസമുണ്ടായതായും ചോര്‍ച്ച കണ്ടെത്തിയ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനിടെ ദുരന്തബാധിതരുടെ ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയ സംഭവവും പരിശോധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് അറിയിച്ചു.
മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രിയായ പിണറായി വിജയന് വയനാട് ടൗണ്‍ഷിപ്പിലെ ഒന്നാംഘട്ട വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നു. ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും അതേ ദിവസം നടന്നിരുന്നു.

