തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കുന്നത് സംബന്ധിച്ച് കർശന നിർദ്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. സ്ട്രോങ്ങ് റൂമുകൾക്ക് പുറമെ സീൽ ചെയ്യാത്ത മെറ്റീരിയൽ റൂമുകൾ പോലും തുറക്കരുതെന്ന് അദ്ദേഹം ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. പേരാമ്പ്രയിലും നെന്മാറയിലും റൂമുകൾ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടിയ രത്തൻ ഖേൽക്കർ, ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗവും വിളിച്ചുചേർത്തു.
മെറ്റീരിയൽ റൂമുകൾ ഇപ്പോൾ തുറന്നത് അനാവശ്യമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് രേഖകളുടെ കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കിൽ വോട്ടെണ്ണലിന് ശേഷം അത് ചെയ്താൽ മതിയാകും. തിരക്കിട്ട് മുറികൾ തുറന്ന് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും നിർദ്ദേശമുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ മുൻകൂട്ടി അറിയിക്കാതെ മുറികൾ തുറന്നാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
അതിനിടെ, പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റീരിയൽ സ്ട്രോങ്ങ് റൂം ഇപ്പോൾ തുറക്കില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. പ്രിസൈഡിങ് ഓഫീസറുടെ ഡയറി ഉള്ളിൽ കുടുങ്ങിയത് തികച്ചും സ്വാഭാവികമായ കാര്യമാണെന്നും ഇതിൽ മറ്റ് അസ്വാഭാവികതകളില്ലെന്നും കളക്ടർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക പരിഗണിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിർദ്ദേശം അനുസരിച്ചും നിലവിൽ റൂം തുറക്കുന്ന നടപടികൾ മാറ്റിവെച്ചു.

