Home Businessക്രൂഡ് വില കുതിപ്പ്; തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയിൽ വൻ വർധന സാധ്യത

ക്രൂഡ് വില കുതിപ്പ്; തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയിൽ വൻ വർധന സാധ്യത

by news_desk1
0 comments

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ തിരഞ്ഞെടുപ്പിന് ശേഷം വലിയ വർധനവുണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ട്. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പുറത്തിറക്കിയ വിലയിരുത്തലിൽ, ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് സൂചന.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും മൂലം അസംസ്‌കൃത എണ്ണവിതരണം കുറയുകയും, ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. നിലവിൽ ബാരലിന് ഏകദേശം 120 ഡോളറാണ് ക്രൂഡ് വില.

രാജ്യാന്തര വിപണിയിൽ വില കുത്തനെ ഉയർന്നിട്ടും ആഭ്യന്തര വിപണിയിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിട്ടില്ല. ഇതോടെ എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് പ്രതിമാസം ഏകദേശം 27,000 കോടി രൂപയുടെ അധികഭാരം ഉണ്ടാകുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ബില്ലിലും വലിയ വർധന രേഖപ്പെടുത്തി. ഇറക്കുമതി അളവ് 13-15 ശതമാനം വരെ കുറഞ്ഞിട്ടും വിലക്കയറ്റം കാരണം പ്രതിദിനം 190 മുതൽ 210 മില്യൺ ഡോളർ വരെ അധിക ചെലവാണ് വരുന്നത്.

സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചതും വിൻഡ്‌ഫോൾ നികുതി ഏർപ്പെടുത്തിയതും ചില ആശ്വാസം നൽകിയെങ്കിലും പ്രശ്നം പൂർണമായി പരിഹരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയ കാരണങ്ങളാൽ നിലവിൽ വില വർധനവ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏപ്രിൽ 29-ന് അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ വില പരിഷ്‌കരണത്തിൽ തീരുമാനം ഉണ്ടാകാനിടയുണ്ട്. എന്നാൽ ഒരുമിച്ച് വലിയ വർധനവ് നടപ്പിലാക്കുന്നതിന് പകരം ഘട്ടംഘട്ടമായി വില കൂട്ടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തൽ സൂചിപ്പിക്കുന്നു.

You may also like